ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൂട്ടായി അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കാൻ അൽ നസ്ർ
ലോക ഫുട്ബോളിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റത്തെ കുറിച്ചാണ്. അദ്ദേഹത്തിന്റെ ആരാധകർക്കു പോലും നിരാശ നൽകിക്കൊണ്ട് യൂറോപ്യൻ ഫുട്ബോൾ അദ്ദേഹം അവസാനിപ്പിച്ചു കഴിഞ്ഞു.ഇനി ഏഷ്യയിലാണ് റൊണാൾഡോ തുടരുക. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്‌റാണ് ഇപ്പോൾ റൊണാൾഡോയെ സ്വന്തമാക്കിയിട്ടുള്ളത്.
വലിയ ഒരു സാലറി നൽകി കൊണ്ടാണ് അൽ നസ്‌ർ തങ്ങളുടെ സ്വപ്ന ട്രാൻസ്ഫർ പൂർത്തിയാക്കിയിട്ടുള്ളത്. ലോക ഫുട്ബോളിൽ ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ സാലറിയാണ് റൊണാൾഡോക്ക് ഇപ്പോൾ ലഭിക്കുന്നത്. റൊണാൾഡോ വന്നതോടുകൂടി എല്ലാ നിലയിലും ഇപ്പോൾ തന്നെ ക്ലബ്ബിന് വളർച്ച കൈവരാൻ തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലൊക്കെ വലിയ പിന്തുണയാണ് ഇപ്പോൾ ഈ സൗദി ക്ലബ്ബിന് ലഭിക്കുന്നത്.
ഇപ്പോൾതന്നെ ഒരുപാട് സൂപ്പർതാരങ്ങൾ സ്വന്തമായുള്ള ക്ലബ്ബാണ് അൽ നസ്ർ.ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെതിരെ കാമറൂണിന് വേണ്ടി ഗോൾ നേടിയ വിൻസന്റ് അബൂബക്കർ, പ്രശസ്ത ഗോൾകീപ്പർ ഡേവിഡ് ഒസ്‌പിന, അർജന്റീന സൂപ്പർതാരമായ പിറ്റി മാർട്ടിനസ്, ബ്രസീലിയൻ താരമായ ഗുസ്താവോ എന്നിവരൊക്കെ ഈ സൗദി അറേബ്യൻ ക്ലബ്ബിന്റെ ജേഴ്സിയാണ് അണിയുന്നത്.
പക്ഷേ ഇനിയും സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് ഈ ക്ലബ്ബ് ഉള്ളത്. അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കറായ മൗറോ ഇക്കാർഡി ഇപ്പോൾ തുർക്കിഷ് ക്ലബ്ബായ ഗലാറ്റ്സറെക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. വേണമെങ്കിൽ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള അനുമതി ഈ അർജന്റീന താരത്തിന് ക്ലബ്ബ് നൽകിയിട്ടുണ്ട്.
Al Nassr in Icardi talks about partnering Ronaldo in attack #PSG #ParisSaintGermain #MerciParis https://t.co/35Hrq9CKLZ
— PSG Fans (@PSGNewsOnly) December 31, 2022
അത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ സൗദി അറേബ്യൻ ക്ലബ്ബ് ഉള്ളത്. അർജന്റീനയിലെ ലീഗിലേക്ക് പോവാനാണ് ഇക്കാർഡിക്ക് താല്പര്യമെങ്കിലും ന്യൂവെൽസ് ഇപ്പോൾ ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ലൊരു ഓഫർ ലഭിച്ചാൽ ഒരുപക്ഷേ ഇക്കാർഡി അൽ നസ്റിലേക്ക് പോവാനുള്ള ഒരു സാധ്യതയും ഇവിടെ തെളിഞ്ഞു കാണുന്നുണ്ട്.റൊണാൾഡോയും ഇക്കാർഡിയും ഒരുമിച്ചാൽ ഒരു ശക്തമായ മുന്നേറ്റ നിര തന്നെ ഈ സൗദി അറേബ്യൻ ക്ലബ്ബിന് ഉണ്ടാവും.അത് കൂടുതൽ പേരെ ആകർഷിക്കാൻ കാരണമാവുകയും ചെയ്യും.