റൊണാൾഡോയുടെ സാന്നിധ്യം ടീമിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്ന് അൽ നസ്ർ താരം

സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് ടീമിന് വേണ്ടി ആദ്യത്തെ ഗോൾ നേടിയത്. അൽ നസ്ർ തോൽവിലേക്ക് പോവുകയായിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് താരം ടീമിന് സമനില നേടിക്കൊടുത്തു. അൽ നസ്‌റിനായി മൂന്നു മത്സരങ്ങളിൽ ഇറങ്ങിയതാണ് താരം ക്ലബിനായി ആദ്യത്തെ ഗോൾ നേടിയത്.

സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോ ഗോളുകൾ അടിച്ചു കൂട്ടുമെന്നാണ് ഏവരും കരുതിയതെങ്കിലും അതിനു വിപരീതമായാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയെങ്കിലും രണ്ടു സുവര്ണാവസരങ്ങളാണ് താരം നഷ്ട്ടപ്പെടുത്തിയത്. ഇത് അനായാസജയം നേടാൻ കഴിയുമായിരുന്ന മത്സരത്തിൽ സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ട അവസ്ഥയുണ്ടാക്കി.

അതേസമയം റൊണാൾഡോയുടെ വരവ് അൽ നസ്ർ ക്ലബിലെ താരങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പുറത്തു വന്നിട്ടുണ്ട്. ടീമിലെ ബ്രസീലിയൻ താരം ലൂയിസ് ഗുസ്‌താവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ റൊണാൾഡോയുടെ മോശം ഫോമല്ല, മറിച്ച് റൊണാൾഡോ എതിർടീമിനു നൽകുന്ന പ്രചോദനമാണ് അൽ നസ്റിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്നാണ് താരം പറയുന്നത്.

“റൊണാൾഡോയുടെ സാന്നിധ്യം ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താരത്തിനെതിരെ ഏറ്റവും മികച്ച രീതിയിൽ കളിക്കാനാണ് ഓരോ ടീമും ശ്രമിക്കുക.റൊണാൾഡോയുടെ സാന്നിധ്യം എതിരാളികൾക്ക് വരെ പ്രചോദനം നൽകുന്നുണ്ട്.” കഴിഞ്ഞ ദിവസം ആർടി അറബികിനോട് സംസാരിക്കേ മുൻ ബയേൺ താരമായ ഗുസ്‌താവോ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്തിയ റൊണാൾഡോ അതിലൂടെ തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായ റൊണാൾഡോ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും സൗദി ടീമുമായി കൂടുതൽ ഒത്തിണക്കം കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വരും മത്സരങ്ങളിൽ താരം തിളങ്ങുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Rate this post