ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ! സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo

ഇന്നലെ കിംഗ് അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ അൽ വെഹ്ദയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. എവേ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസർ സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, അബ്ദുല്ല അൽ-അമ്‌രി, അലക്‌സ് ടെല്ലസ് എന്നിവരുടെ ഗോളുകളുടെ പിൻബലത്തിലാണ് അൽ നാസർ വിജയം നേടിയെടുത്തത്.ജയത്തോടെ 31 പോയിന്റുമായി അൽ നാസർ ലീഗ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.ടോപ്പർ അൽ ഹിലാലിന് നാല് പോയിന്റ് പിന്നിലായിട്ടാണ് അൽ നാസറിന്റെ സ്ഥാനം.11-ാം മിനിറ്റിൽ ഉജ്ജ്വലമായ ഫ്രീകിക്കിലൂടെ ബ്രസീലിയൻ താരം ടെല്ലസ് അൽ നാസറിനെ മുന്നിലെത്തിച്ചു.

39-ാം മിനിറ്റിൽ മാർസെൽ ബ്രോസോവിച്ച് കൊടുത്ത ക്രോസിൽ നിന്നും അബ്ദുല്ല അൽ-അമ്‌രി അൽ നാസറിന്റെ രണ്ടാം ഗോൾ നേടി.49 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ മൂന്നാമത്തെ ഗോൾ നേടി.62-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ടെല്ലസിന്റെ ക്രോസിന് തലവെച്ച് തലിസ്ക അൽ നാസറിന്റെ നാലാം ഗോൾ നേടിയെങ്കിലും VAR പരിശോധനയിൽ ടെല്ലസ് പന്ത് ക്രോസ് ചെയ്യുമ്പോൾ റൊണാൾഡോ ഓഫ്‌സൈഡാണെന്ന് കണ്ടതോടെ ഗോൾ റദ്ദാക്കി.

81-ാം മിനിറ്റിൽ അൻസെൽമോ അൽ വെഹ്‌ദക്കായി ഒരു ഹെഡ്ഡറിൽ നിന്ന് ഒരു ഗോൾ മടക്കി.രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അബ്ദുൾറഹ്മാൻ ഗരീബ് അധിക സമയത്തിന്റെ അവസാന മിനിറ്റിൽ അൽ നാസറിന്റെ നാലാം ഗോൾ നേടിയെങ്കിലും VAR പരിശോധനയിൽ ഗോൾ റദ്ദാക്കി.