റൊണാൾഡോ എത്തിയിട്ടും കാര്യമല്ല ,തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ : ഗോളും അസിസ്റ്റുമായി ബയേൺ അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയ്ൻ
സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ താവൂനായി ലിയാൻഡ്രെ ലവാംബയും അഹമ്മദ് സാലിഹ് ബാഹുസൈനും ഗോളുകൾ നേടി.
ആദ്യ പകുതിയിൽ ലവാംബ ആദ്യ ഗോൾ നേടിയപ്പോൾ അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബഹുസൈൻ സന്ദർശകർക്കായി ഗോൾ നേടി.പരിക്ക് മൂലം കഴിഞ്ഞ ആഴ്ച ഉദ്ഘാടന മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ തുടങ്ങിയത്.മത്സരത്തിന്റെ 20 ആം മിനുട്ടിൽ ലവാംബ അൽ താവൂന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ സമനില ഗോളിനായി അൽ നാസർ ശ്രമിച്ചെങ്കിലും അൽ താവൂൻ പ്രതിരോധം തകർക്കാൻ സാധിച്ചില്ല.സാഡിയോ മാനെയുടെ നേതൃത്വത്തിൽ നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ആദ്യ പകുതിയുടെ അവസാനത്തിൽ ഫഖീഹി ഫൗൾ ചെയ്തതിനെത്തുടർന്ന് അൽ നാസറിന് റഫറി പെനാൽറ്റി അനുവദിച്ചു. എന്നാൽ, റഫറി വിഎആർ പരിശോധിച്ചതോടെ തീരുമാനം റദ്ദാക്കി.രണ്ടാം പകുതി ആരംഭിച്ചത് വലത്, ഇടത് വശങ്ങളിൽ നിന്നുള്ള ഹോം ടീമിന്റെ നിരന്തരമായ ആക്രമണങ്ങളോടെയാണ്. അൽ നാസർ 13 കോർണറുകൾ നേടിയെങ്കിലും ഒന്നും പരിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല.അതേസമയം തവൗൺ പ്രത്യാക്രമണ അവസരങ്ങൾക്കായി കാത്തിരുന്നു. 89 ആം മിനുട്ടിൽ റൊണാൾഡോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.എക്‌സ്‌ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റിൽ സാദിയോ മാനെ ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നു.96 ആം മിനുട്ടിൽ ബാഹുസൈൻ അൽ താവൂന് വേണ്ടി രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു.
ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് ബുണ്ടസ്‌ലിഗ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ റെക്കോർഡ് സൈനിംഗ് ഹാരി കെയ്ൻ. ഇംഗിഷ് സ്‌ട്രൈക്കർ വെർഡർ ബ്രെമനിൽ ചാമ്പ്യന്മാരെ 4-0 വിജയത്തിലേക്ക് നയിക്കുകയും അവരുടെ ലീഗ് സീസണിന് വിജയകരമായ തുടക്കവും നൽകുകയും ചെയ്തു. മത്സരത്തിന്റെ നാലാം മിനുട്ടിൽ കെയ്‌നിന്റെ പാസിൽ നിന്നും ലെറോയ് സാനെയെ ബയേണിനായി ആദ്യ ഗോൾ നേടി. 74 ആം മിനുട്ടിൽ ഹരി കെയ്ൻ ബയേൺ ജേഴ്സിയിലെ ആദ്യ ഗോൾ നേടി. 90 ആം മിനുട്ടിൽ ലെറോയ് സാനെ ബയേണിന്റെ മൂന്നാമത്തെ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ പകരക്കാരനായ ടെൽ ബയേണിന്റെ നാലാമത്തെ ഗോൾ കൂട്ടിച്ചേർത്തു.