ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിക്കെതിരായ കളിക്കാൻ അൽ നാസറിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവില്ല |Cristiano Ronaldo

ഇൻ്റർ മിയാമിയും ലയണൽ മെസ്സിയും തങ്ങളുടെ പ്രീ-സീസൺ എക്‌സിബിഷൻ ടൂറിൻ്റെ ഭാഗമായി സൗദി അറേബ്യയിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ മയാമി അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറാണ് ഇന്റർ മയാമിയുടെ എതിരാളികൾ.

ഇന്നത്തെ മത്സരത്തിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരസ്പരം ഏറ്റുമുട്ടുമെന്ന് ലോകമെമ്പാടുമുള്ള ആരാധകർ വളരെയധികം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചേക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അൽ നാസർ മാനേജർ ലൂയിസ് കാസ്ട്രോ. ഇന്ന് രാത്രി 11:30ന് സൗദിയിലെ കിങ്‌ഡം അരീനയിലാണ് അല്‍ നസ്‌ര്‍ ഇന്‍റര്‍ മയാമി പോരാട്ടം. 38കാരനായ റൊണാള്‍ഡോ മത്സരത്തിനുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ആരാധകരും കടുത്ത നിരാശയിലാണ്.

ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ പോരടിക്കാനിറങ്ങുന്ന ഈ മത്സരത്തിനായി മാസങ്ങളായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കഴിഞ്ഞ വര്‍ഷം നടന്ന സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ പിഎസ്‌ജി പ്രദര്‍ശന മത്സരത്തിലായിരുന്നു ഇരുവരും അവസാനം മുഖാമുഖം വന്നത്.

അന്ന്, ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജി റൊണാള്‍ഡോ ഉള്‍പ്പടെ പ്രമുഖ താരങ്ങള്‍ അണിനിരന്ന സൗദി ഓള്‍ സ്റ്റാര്‍ ഇലവനെ 5-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. റൊണാൾഡോ ഈ സീസണിൽ 20 ഗോളുകളുമായി സൗദി പ്രോ ലീഗിലെ ഗോൾ സ്‌കോറിങ് ചാർട്ടിൽ ഒന്നാമതാണ്. സൗദി പ്രൊ ലീഗിൽ 46 പോയിൻ്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് അൽ നാസർ.

Rate this post