ഡി മരിയയുടെ ബെൻഫിക്കയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ

തുടർച്ചയായ രണ്ടാം പ്രീ-സീസൺ സൗഹൃദ മത്സരത്തിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന്റെ തോൽവിയാണു അൽ നാസർ ഏറ്റുവാങ്ങിയത്.

പോർച്ചുഗലിലേക്ക് മടങ്ങിയെത്തിയ ഡി മരിയ ബെൻഫിക്കയിലേക്കുള്ള തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയപ്പോൾ റൊണാൾഡോ നിരാശപ്പെടുത്തി.കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെൽറ്റാ വിഗോയോട് എതിരില്ലാത്ത അഞ്ചു ഗോളിന്റെ തോൽവി അൽ നാസർ വഴങ്ങിയിരുന്നു.ബെൻഫിക്കക്കായി 22-ാം മിനിറ്റിൽ അർജന്റീന ലോകകപ്പ് ജേതാവ് ഡി മരിയ സ്കോറിംഗ് തുറന്നു.

യുവന്റസിനൊപ്പമുള്ള ഒരു സീസണിന് ശേഷം ബെൻഫിക്കയിലേക്ക് മടങ്ങിയ അർജന്റീന ലോകകപ്പ് ജേതാവായ ഫോർവേഡ് അൽ-നാസർ പ്രതിരോധത്തെ സമർത്ഥമായി മറികടന്നാണ് ഗോൾ കണ്ടെത്തിയത്. 31ആം മിനിട്ടിലും 36ആം മിനിറ്റിലും റൊണാൾഡോയുടെ ദേശീയ ടീമിലെ സഹപ്രവർത്തകൻ ഗോങ്കലോ റാമോസിന്റെ ഇറാറ്റ ഗോളുകൾ ബെൻഫിക്കയെ 3 -0 ത്തിന് മുന്നിലെത്തിച്ചു.

41 ആം മിനുട്ടിൽ ഖാലിദ് അൽ-ഗന്നം അൽ നാസറിനായി ഒരു ഗോൾ മടക്കി.69ആം മിനുട്ടിൽ ആൻഡ്രിയാസാണ് ബെൻഫിക്കയുടെ അവസാന ഗോൾ നേടിയത്. ഇതോടെ മറ്റൊരു വലിയ തോൽവി കൂടി സൗദി ക്ലബ്ബിന് നേരിടേണ്ടി വരികയായിരുന്നു. മത്സരത്തിൽ 80ലധികം മിനുട്ടുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു.

3/5 - (1 vote)