ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തമ്മിൽ നേർക്കുനേർ വരാൻ പോകുന്ന മറ്റൊരു പോരാട്ടം കൂടി 2024ൽ കാത്തിരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ റോയ് നെമറിന്റെ അപ്ഡേറ്റ് പ്രകാരം നെയ്മർ ജൂനിയറിന്റെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും ക്ലബ്ബുകളുമായും ലിയോ മെസ്സി ഇന്റർമിയാമി ടീമിനോടൊപ്പം നേർക്കുനേർ പോരാട്ടത്തിന് എത്തും.
2024ൽ സൗദി അറേബ്യയിൽ നടക്കുന്ന റിയാദ് സീസൺ കപ്പ് മത്സരങ്ങളിലാണ് ലിയോ മെസ്സിയുടെ ഇന്റർ മിയാമി ടീം കളിക്കുന്നത്. കഴിഞ്ഞപ്രാവശ്യം ക്രിസ്ത്യാനോ റൊണാൾഡോ സൗദി ഓൾ സ്റ്റാർ ഇലവനിലേക്ക് മാറിയതോടെ മെസ്സിയും നെയ്മറും എംബാപ്പയും അണിനിരന്ന പി എസ് ജി ആണ് റിയാദ് സീസൺ കപ്പിൽ കളിച്ചത്. കഴിഞ്ഞ സീസണിൽ നിന്നും ഈ സീസണിലേക്ക് വരുമ്പോൾ നെയ്മർ ജൂനിയറും ലിയോ മെസ്സിയും പുതിയ ക്ലബ്ബുകളിലേക്ക് മാറിയിട്ടുണ്ട്. അമേരിക്കൻ ഫുട്ബോളിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിനോടൊപ്പമാണ് ലിയോ മെസ്സി വരുന്നത്.
അതേസമയം നെയ്മർ ജൂനിയർ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ടീമിലാണ്. എന്നാൽ എ സി എൽ ലിഗ്മെന്റ് പരിക്ക് കാരണം നെയ്മർ ജൂനിയറിന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നതിനാൽ 2024 ജനുവരി 29ന് നടക്കുന്ന ഇന്റർമിയാമിക്ക് എതിരായ മത്സരത്തിൽ അൽ ഹിലാലിന് വേണ്ടി നെയ്മർ ജൂനിയർ ബൂട്ട് കെട്ടില്ല. രണ്ടു ദിവസങ്ങൾക്കപ്പുറം ഫെബ്രുവരി ഒന്നിന് വീണ്ടും മെസ്സി vs റൊണാൾഡോ പോരാട്ടം വരികയാണ്.
Lionel Messi and Inter Miami will play Al-Hilal SFC and Al Nassr FC on January 29 and February 1, in the Riyadh Season Cup in Saudi Arabia. pic.twitter.com/Hhl74LNP8r
— Roy Nemer (@RoyNemer) December 12, 2023
ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്റിനെയാണ് നേരിടുക. ലോക ഫുട്ബോളിനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തോളമായി അടക്കി ഭരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ തമ്മിൽ നേർക്കുനേരെത്തുന്ന ഒരുപക്ഷേ അവസാനത്തെ മത്സരം കൂടി ആയിരിക്കും ഇത്. ഇരു താരങ്ങളും യൂറോപ്പ്യൻ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം നേർക്ക് നേരെ എത്തുന്ന ആദ്യം മത്സരം കൂടിയാണിത്.