“കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി , സൂപ്പർ താരം ക്ലബ് വിടാനൊരുങ്ങുന്നു “
2021-22 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് സീസണിനിടയിലേറ്റ തിരിച്ചടിയായിരുന്നു സ്റ്റാർ ഗോൾകീപ്പർ ആൽബിനോ ഗോമസിനേറ്റ പരിക്ക്.കരുത്തരായ ഒഡീഷ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഗോൾ കിക്കെടുക്കുന്നതിനിടെയായിരുന്നു ആൽബിനോ ഗോമസിന് പരിക്ക് സംഭവിച്ചത്.എന്നാൽ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തുന്ന താരം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള ഒരുക്കത്തിലാണ്.
മുംബൈ സിറ്റി എഫ് സിയിലേക്കാണ് ഗോവൻ കീപ്പർ പോവാൻ ഒരുങ്ങുന്നത്. പരിക്കേൽക്കുന്നതിനു മുൻപ് വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്നു ആൽബിനോ ഗോമസ് . എന്നാൽ ആൽബിനോയുടെ പരിക്ക് രണ്ടാം ഗോൾകീപ്പറായ പ്രഭുസുഖാൻ ഗിൽ നല്ലൊരു അവസരം ആക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. പരിക്കേറ്റ ആൽബിനോക്ക് പകരമായി കരഞ്ജിത് സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. ഗോമസിനു പകരമെത്തിയ ഗിൽ ഈ സീസണിൽ ഗോൾഡൻ ഗ്ലോവ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്താണ്.
ഗോമസിന്റെ പുറത്താകലിന് ശേഷം തന്നിലേക്കെത്തിയ അവസരം മുതലാക്കിയ ഗിൽ തുടർന്ന് നടന്ന ഇല്ല മത്സരങ്ങളിലുമായി നാലു ക്‌ളീൻ ഷീറ്റുകൾ നേടി. 8 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ മാത്രമാണ് ഗിൽ വഴങ്ങിയിട്ടുള്ളത്. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയാലും ഗോമസിനു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതും ഗോമസ് ക്ലബ് വിടാനുള്ള ഒരു കാരണമാണ്.
മികച്ചൊരു ഗോൾകീപ്പറുടെ അഭാവം ഈ സീസണിൽ ഉടനീളം മുബൈ സിറ്റിയെ അലട്ടുന്നുണ്ട്.12 മത്സരങ്ങൾ അവസാനിച്ചപ്പോൾ 21 ഗോളുകളാണ് അവരുടെ കീപ്പർമാർ വഴങ്ങിയത്. അടിച്ച ഗോളുകളേക്കാൾ രണ്ടു ഗോളുകൾ കുറവ് മാത്രമാണ് അവർ വഴങ്ങിയത്. മുംബൈയുടെ രണ്ടു കീപ്പർമാരും പ്രതീക്ഷക്കൊത്ത പ്രകടനം ഇതുവരെ നടത്തിയിട്ടില്ല. ഈ കാരണം കൊണ്ട് തന്നെയാണ് മുംബൈ പുതിയൊരു കീപ്പറെ ലക്‌ഷ്യം വെക്കുന്നത്. മുംബൈ സിറ്റിയുടെ കരിയർ തുടങ്ങിയ ഗോമസ് ഒഡിഷയിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ബേധപെട്ട പ്രകടനം നടത്തിയത് ഗോമസ് ആയിരുന്നു. എന്നാൽ താരത്തിൽ നിന്നും വന്ന പല പിഴവുകൾക്കും വലിയ വിലകൊടുക്കേണ്ടി വന്നു. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ഹൈദരാബാദിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം ബ്ലാസ്റ്റേഴ്‌സ്. നീണ്ട ഇടവേളക്ക് ശേഷം ഞായറാഴ്ച ബംഗളുരുവിനെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് വിജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ സാധിക്കും.