“ഇത് സ്വപ്ന നിമിഷം” : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ ഗോൾ നേടിയത് ആഘോഷിക്കുന്ന അലജാൻഡ്രോ ഗാർനാച്ചോ |Alejandro Garnacho

ഇന്നലെ യൂറോപ്പ ലീഗിൽ സ്‌പെയിനിലെ സാൻ സെബാസ്റ്റ്യനിൽ റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ അർജന്റീനിയൻ കൗമാര താരം അലജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.

ആറ് മാസം മുമ്പ് എഫ്എ യൂത്ത് കപ്പ് ഫൈനലിൽ രണ്ട് ഗോളുകൾ നേടിയ അർജന്റീനിയൻ യുവ സ്‌ട്രൈക്കർ തന്റെ ആരാധന പാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ലൈഡ് റൂൾ പാസ് ശേഖരിക്കുകയും ഗോൾകീപ്പർ അലക്‌സ് റെമിറോയെ മറികടന്ന് മനോഹരമായ ഫിനിഷിഗിലൂടെ തന്റെ ക്ലബ്ബിനായി സീനിയർ ഗോളുകളുടെ അക്കൗണ്ട് തുറക്കുകയും ചെയ്തു.ഗോൾ നേടിയതിന് ശേഷം തന്റെ പുതിയ ‘നാപ്പിംഗ്’ ആഘോഷം നടത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് അലജാൻഡ്രോ ഗാർനാച്ചോ അനുവാദം ചോദിക്കുകയും ചെയ്തു.

രണ്ട് കൈകളും നെഞ്ചിൽ ചേർത്തുവച്ചു കൊണ്ടുള്ള ആ സെലിബ്രേഷൻ ഗർനാച്ചോ റൊണാൾഡോയോട് അനുവാദം ചോദിച്ചുകൊണ്ടാണ് അനുകരിച്ചിട്ടുള്ളത്.മാത്രമല്ല മത്സരശേഷം റൊണാൾഡോക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 18 വർഷത്തെ സ്വപ്നമാണ് പൂർത്തിയായിരിക്കുന്നത് എന്നാണ് ഗർനച്ചോ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ മാസം എവർട്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ തന്റെ കരിയറിലെ 700-ാം ഗോൾ നേടിയതിന് ശേഷമുള്ള റൊണാൾഡോയുടെ ഗോൾ ആഘോഷം പല താരങ്ങളും അനുകരിക്കുന്നുണ്ട്.

യൂറോപ്യൻ ഫുട്ബോളിൽ യുണൈറ്റഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് ഇതര ഗോൾ സ്‌കോററായി ഗാർനച്ചോ മാറുകയും ചെയ്തു. 18-കാരനായ അർജന്റീനിയൻ താരത്തിന് ഇത് ഒരു വലിയ നിമിഷമായിരുന്നു. റൊണാൾഡോയുടെ അതേ ടീമിൽ കളിക്കുന്നത് ഒരു “സ്വപ്നം” എന്നാണ് ഗാർനാച്ചോ മുമ്പ് വിശേഷിപ്പിച്ചത്. ലയണൽ മെസ്സിയുടെ നാട്ടിൽ നിന്നും വന്ന് ക്രിസ്ത്യാനോയെ ആരാധിക്കുന്ന ഗാർനച്ചോയെ യൂണൈറ്റഡിന്റേയും അര്ജന്റീനയുടെയും ഭാവി താരമായാണ് കണക്കാക്കുന്നത്. റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം പരിശീലനം നേടിയ അപൂർവ യുവ താരനഗളിൽ ഒരാൾ കൂടിയാണ് 18 കാരൻ.

ഷെരീഫിനെതിരെ യൂറോപ്പ ലീഗിൽ യൂണൈറ്റഡിനായി ആദ്യ ടീമിൽ ഇടം നേടിയ ഗാർനച്ചോ മികച്ച പ്രകടനമാണ് നടത്തിയത്.മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ അര്ജന്റീന താരം ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും കളിയിലുടനീളം എതിർ ടീമിന്റെ പ്രതിരോധത്തിന് അദ്ദേഹം ഒരു ഭീഷണി ആയിരുന്നു. യുണൈറ്റഡിന്റെ അക്കാദമിയിൽ നിന്ന് വളർന്ന ഗാർനാച്ചോ തന്റെ ഉയർന്ന നിലവാരം മത്സരത്തിൽ കാണിച്ചു തരുകയും ചെയ്തു. യുണൈറ്റഡ് ടീമിൽ തനിക്കൊരു സ്ഥാനം ഉണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് 18 കാരൻ പുറത്തെടുത്തത്.

മത്സരത്തിൽ അർജന്റീനിയൻ താരത്തിന്റെ ഗോളിൽ യുണൈറ്റഡ് വിജയിച്ചെങ്കിലും നോക്ക് ഔട്ടിലേക്ക് കടക്കണമെങ്കിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ടീമിനെതിരെ പ്ലെ ഓഫ് കളിക്കേണ്ടി വരും.യൂണൈറ്റഡിനും സോസിഡാഡിനും ഒരേ പോയിന്റാണ് ഗ്രൂപ്പിലുള്ളത്.ഗോൾ ശരാശരിയിൽ റയൽ സോസിഡാഡാണ് ഒന്നാം സ്ഥാനക്കാരായി കൊണ്ട് മുന്നോട്ടു പോയിരിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

Rate this post