അമ്പമ്പോ എന്തൊരു അസിസ്റ്റ്, ആരാധകരെ ഞെട്ടിച്ച് ന്യൂകാസിൽ യുണൈറ്റഡ് താരം
സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം അവിശ്വസനീയമായ കുതിപ്പിലാണ് ന്യൂകാസിൽ യുണൈറ്റഡ്. വമ്പൻ താരങ്ങളെ സ്വന്തമാക്കുന്നതിനു പകരം തങ്ങളുടെ പദ്ധതിക്ക് അനുസരിച്ചുള്ള കഴിവുള്ള താരങ്ങളെ എത്തിച്ച് മികച്ചൊരു ടീമിനെ ഉണ്ടാക്കിയെടുത്ത ന്യൂകാസിൽ യുണൈറ്റഡ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഗംഭീരവിജയം സ്വന്തമാക്കിയതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഒരു ചുവടുകൂടി ന്യൂകാസിൽ യുണൈറ്റഡ് അടുത്തിട്ടുണ്ട്. എവർട്ടനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയതോടെ ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്തേക്കാണ് എത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡ് ടോട്ടനത്തെ കീഴടക്കിയിരുന്നു.
അതേസമയം മത്സരത്തിലെ വിജയത്തിനൊപ്പം ന്യൂകാസിലിന്റെ റെക്കോർഡ് സൈനിങായ അലക്‌സാണ്ടർ ഇസക്ക് നൽകിയ അസിസ്റ്റാണ് ചർച്ചകളിൽ നിറയുന്നത്. മത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ ഇസക്ക് എൺപത്തിയൊന്നാം മിനുട്ടിൽ ന്യൂകാസിലിന്റെ പകുതിയിലധികം താരങ്ങളെ മറികടന്നാണ് ജേക്കബ് മർഫി നേടിയ ഗോളിന് അസിസ്റ്റ് നൽകിയത്.
മധ്യനിരയിൽ നിന്നും പന്തെടുത്ത് ലൈനിലൂടെ മുന്നേറിയ ഇസക്ക് കോർണർ ലൈനിനരികിൽ വെച്ച് മൂന്ന് എവർട്ടൺ താരങ്ങളെ താരങ്ങളെ മറികടന്നത് ഉജ്ജ്വലമായ സ്‌കില്ലിലൂടെ ആയിരുന്നു. അതിനു ശേഷം ഗോൾലൈനിനരികിലൂടെ മുന്നേറിയ താരം ബോക്‌സിലെത്തി പന്ത് മർഫിക്ക് നൽകുകയായിരുന്നു. അതൊന്നു തൊട്ടു വലയിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം മാത്രമേ മർഫിക്ക് ഉണ്ടായിരുന്നുള്ളൂ.
An absolutely breathtaking assist from Alex Isak. 🤤🇸🇪 pic.twitter.com/NTO1AzoZBQ
— Newcastle United FC (@NUFC) April 27, 2023
മത്സരത്തിന് ശേഷം തിയറി ഹെൻറിയുടെ പിൻഗാമിയെന്ന നിലയിലാണ് ഇസക്ക് വാഴ്ത്തപ്പെടുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ന്യൂകാസിലിന്റെ റെക്കോർഡ് സൈനിങായി ടീമിലെത്തിയ താരമാണ് ഇസക്ക്. സീസണിൽ പതിനൊന്നു മത്സരങ്ങളിൽ മാത്രം സ്റ്റാർട്ട് ചെയ്‌ത താരം പത്ത് ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ടീമിന്റെ ഭാവിതാരമായി മാറാൻ കഴിയുമെന്ന് ഇരുപത്തിമൂന്നുകാരൻ വീണ്ടും തെളിയിക്കുകയാണ്.