ഇനി ലിവർപൂളിലും അർജന്റീന താരം,റെഡ്സിനോട് ‘യെസ്’ പറഞ്ഞു ലോകകപ്പ് വിജയി

ഖത്തർ ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും അലക്‌സിസ് മാക് അലിസ്റ്റർ ആദ്യ ഇലവനിൽ ഇടം നേടുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യത്തെ മത്സരത്തിൽ താരത്തിന് ആദ്യ ഇലവനിൽ സ്ഥാനവുമില്ലായിരുന്നു. എന്നാൽ പകരക്കാരനായിറങ്ങി കഴിവ് തെളിയിച്ചതോടെ ടീമിലെ പ്രധാന താരമായി മാറിയ അലിസ്റ്റർ പിന്നീട് അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായകമായ പങ്കു വഹിക്കുകയുണ്ടായി.

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയതിനാൽ തന്നെ മാക് അലിസ്റ്റർക്കായി ജനുവരിയിൽ നിരവധി ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാൻ താരം തയ്യാറായില്ല. താൻ കളിച്ചു കൊണ്ടിരുന്ന ബ്രൈറ്റണിനൊപ്പം തന്നെ തുടരാൻ അലിസ്റ്റർ തീരുമാനിക്കുകയായിരുന്നു. എന്നാൽ സമ്മറിൽ ഓഫറുകൾ പരിഗണിക്കാനുള്ള സാധ്യത അപ്പോഴും നിലനിന്നിരുന്നു.

ഇപ്പോൾ താരം ട്രാൻസ്‌ഫർ കാര്യത്തിൽ തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാബ്രിസിയോ റൊമാനോ അടക്കമുള്ള ആളുകളുടെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളിലേക്ക് ചേക്കേറാൻ മാക് അലിസ്റ്റർ സമ്മതം അറിയിച്ചിട്ടുണ്ട്. താരത്തിനായി തുടക്കം മുതൽ തന്നെ രംഗത്തുണ്ടായിരുന്ന ക്ലബാണ് ലിവർപൂൾ.

ഏതാണ്ട് എഴുപതു മില്യൺ യൂറോയോളം അലിസ്റ്റർക്കായി ലിവർപൂൾ മുടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിനു ശേഷം ചേംബർലൈൻ, നബി കെയ്റ്റ, ഫിർമിനോ, മിൽനർ എന്നിവർ ക്ലബ് വിടുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അവർക്കു പകരക്കാരനെന്ന നിലയിൽ കൂടിയാണ് അലിസ്റ്ററെ ക്ലബ് സ്വന്തമാക്കുന്നത്.

പ്രീമിയർ ലീഗിൽ വളരെയധികം പരിചയസമ്പത്തുള്ള കളിക്കാരനാണ് അലിസ്റ്റർ. ഈ സീസണിൽ ബ്രൈറ്റണ് വേണ്ടി പത്ത് ഗോളുകൾ താരം നേടിയിട്ടുണ്ട്. അതിനു പുറമെ പ്രൊഫെഷണൽ ഫുട്ബോളേഴ്‌സ് അസോസിയേഷന്റെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പട്ടികയിലും അലിസ്റ്റർ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Rate this post