ബ്രൈറ്റൺ വിടാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തത വരുത്തി മാക് അലിസ്റ്റർ

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ ഉദിച്ചുയർന്ന താരോദയങ്ങളിൽ ഒന്നായിരുന്നു അലക്‌സിസ് മാക് അലിസ്റ്റർ. തുടക്കത്തിൽ ഫസ്റ്റ് ഇലവനിൽ ഇടമില്ലാതിരുന്ന താരം പിന്നീട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറി. തനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തിയ താരം ഒരു ഗോളും ഫൈനലിലെ ഒരു അസിസ്റ്റും സ്വന്തമാക്കി ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തു.

ലോകകപ്പിന് ശേഷം നിരവധി ക്ലബുകൾ അലിസ്റ്ററെ സ്വന്തമാക്കാൻ രംഗത്തു വന്നിരുന്നു. വലിയ തുകയും അവർ താരത്തിന് വാഗ്‌ദാനം ചെയ്‌തു. എന്നാൽ ക്ലബ് വിടാൻ താരം തയ്യാറായില്ല. അതേസമയം സമ്മറിൽ താരം ബ്രൈറ്റൻ വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ അതിനുള്ള സാധ്യതകളെക്കുറിച്ച് അലിസ്റ്റർ ചർച്ച ചെയ്യുകയുണ്ടായി.

“എനിക്ക് ബ്രൈറ്റനോട് വളരെയധികം ബഹുമാനമുണ്ട്. ഈ ക്ലബിനോട് വളരെയധികം കടപ്പാടുള്ളതു കൊണ്ടാണ് ബഹുമാനവുമുള്ളത്. സമ്മറിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ക്ലബിനും എനിക്കും ചേരുന്ന ഒരു ഓഫർ വരികയാണെങ്കിൽ അതിൽ ചർച്ചകൾ നടത്തി തീരുമാനമെടുക്കും. അതുണ്ടായില്ലെങ്കിൽ സന്തോഷത്തോടെ ഇവിടെത്തന്നെ ഞാൻ തുടരും.”

“ഞാൻ ക്ലബിൽ വളരെയധികം സന്തോഷവാനാണ്, ഭാവിയെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ല. ഒരുപാട് സംസാരം ഇതേക്കുറിച്ച് നടക്കുന്നത് എനിക്കറിയാം, ലോകകപ്പ് വിജയിച്ചതിനാ അത് വളരെ സ്വാഭാവികവുമാണ്. ജനുവരി ജാലകത്തിൽ തന്നെ ഒരുപാട് ചർച്ചകൾ നടന്നെങ്കിലും ഞാൻ ശാന്തനാണ്. കളിക്കാനും കൃത്യമായി പരിശീലനം നടത്താനും കൂടുതൽ മെച്ചപ്പെടാനുമാണ് ഞാൻ ശ്രമിക്കുന്നത്.” അലിസ്റ്റർ പറഞ്ഞു.

അലിസ്റ്റാർക്കായി നിരവധി ക്ലബുകൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗ് ക്ലബുകളാണ് താരത്തിനായി സജീവമായ ശ്രമങ്ങൾ നടത്തുന്നത്. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ളബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഈ സീസണിന് ശേഷമേ ഭാവിയെക്കുറിച്ച് അർജന്റീന താരം തീരുമാനമെടുക്കൂ എന്ന് വ്യക്തമാണ്.