ലയണൽ മെസ്സിക്ക് കൂട്ടായി റയൽ മാഡ്രിഡ്, ബാഴ്‌സ ഇതിഹാസ താരങ്ങളും ഇന്റർ മിയാമിലേക്ക്

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവ് പ്രഖ്യാപിച്ചതോടെ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമി ആരാധകർക്കിടയിൽ സംസാര വിഷയമായിരുന്നു. മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിനെ സഹ ഉടമസ്തഥായിലുള്ള ക്ലബ് മെസ്സിക്ക് പിന്നാലെ ബാഴ്‌സലോണയിൽ നിന്നും സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സിനെയും സ്വന്തമാക്കിയിരുന്നു.

പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം രണ്ടു പ്രമുഖ താരങ്ങളെക്കൂടി ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്റർ മിയാമി.തന്റെ മുൻ ബാഴ്‌സലോണ ടീമംഗങ്ങൾക്കൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ് ജോർഡി ആൽബ. സ്പാനിഷ് താരവുമായി ക്ലബ് വിപുലമായ ചർച്ചകളിലാണെന്ന് സ്‌പോർട്ട് റിപ്പോർട്ട് ചെയ്തു. നിലവിൽ സ്പാനിഷ് ദേശീയ ടീമിന്റെ ക്യാപ്റ്റനായ 34-കാരൻ ഒരു സ്വതന്ത്ര ഏജന്റായി ലഭ്യമാണ്.ബാഴ്‌സലോണയുമായി ഒരു വർഷം കൂടി കരാർ ബാക്കി നിൽക്കെയാണ് പരസ്‌പരസമ്മതത്തോടെ ജോർദി ആൽബ ക്ലബ് വിടാൻ തീരുമാനിച്ചത്.

അലസാൻഡ്രോ ബാൾഡേ മികച്ച പ്രകടനം നടത്തിയ ഈ സീസണിൽ ആൽബക്ക് അവസരങ്ങൾ കുറഞ്ഞു വന്നിരുന്നു. അടുത്ത സീസണിൽ ഇനിയും അവസരം പരിമിതമാകും എന്നതും ക്ലബ് വിടാനുള്ള താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വേണം കരുതാൻ.ബാഴ്‌സലോണക്കായി 458 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ജോർദി ആൽബ 27 ഗോളുകൾ നേടുകയും 99 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. പതിനെട്ടു കിരീടങ്ങൾ ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയതിന് ആറു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു. സ്പെയിനോപ്പം 2012ലെ യൂറോ കപ്പും താരം നേടിയിട്ടുണ്ട്.

ഈ ആഴ്ച സെവിയ്യയിലേക്കുള്ള തിരിച്ചുവരവിന്റെ സ്വപ്നങ്ങൾ തകർന്ന സെർജിയോ റാമോസിനെ സൈൻ ചെയ്യാൻ ഇന്റർ മിയാമിയും ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുണ്ട്.മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റൻ ഒരു സ്വതന്ത്ര ഏജന്റ് കൂടിയാണ്, അദ്ദേഹത്തിന്റെ പാരീസ് സെന്റ് ജെർമെയ്ൻ കരാർ ശനിയാഴ്ച അവസാനിച്ചു. പി‌എസ്‌ജിയുമായുള്ള കരാർ പുതുക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ല.ഉയർന്ന ശമ്പളവും ഉയർന്ന പ്രായവുമുള്ള നിരവധി കളിക്കാരെ ഒഴിവാക്കാനും ക്ലബ് ആഗ്രഹിചതിനാലാണ് കരാർ പുതുക്കാതിരുന്നത്.

MLS-ലെ അവരുടെ സീസണിൽ ഇന്റർ മിയാമിക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്.എന്നാൽ മെസ്സിയും ബുസ്‌ക്വെറ്റും അടങ്ങുന്ന തങ്ങളുടെ പട്ടികയിൽ ആൽബയെയും റാമോസിനെയും കൂടി ചേർത്ത് വലിയ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഇന്റർ മിയാമി.

5/5 - (50 votes)