കൂമാൻ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോൾ ഹോളണ്ടിന് നാണക്കേടിന്റെ റെക്കോർഡ്

ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ നെതർലൻഡ്‌സ്‌ ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റാണ് പുറത്തായത്. അതിനു പിന്നാലെ പരിശീലകൻ ലൂയിസ് വാൻ ഗാൽ ടീം വിട്ടിരുന്നു. ഇതിനു മുൻപ് ഇതിനു മുൻപ് ദേശീയ ടീം പരിശീലകനായിരിക്കുകയും പിന്നീട് ബാഴ്‌സ വിളിച്ചപ്പോൾ അവിടേക്ക് പോവുകയും ചെയ്‌ത റൊണാൾഡ്‌ കൂമാനെയാണ് വാൻ ഗാലിന് പകരക്കാരനായി നിയമിച്ചത്.

കൂമാൻ രണ്ടാമതും പരിശീലകനായതിനു ശേഷം ഹോളണ്ടിന്റെ ആദ്യത്തെ മത്സരമായിരുന്നു ഇന്നലെ നടന്നത്. ഫ്രാൻസിനെതിരായ യൂറോ കപ്പ് യോഗ്യത മത്‌സരത്തിൽ വമ്പൻ തോൽവിയാണു നെതർലൻഡ്‌സ്‌ ഏറ്റു വാങ്ങിയത്. എതിരില്ലാത്ത നാല് ഗോളുകൾക്ക് ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസ് വിജയം നേടിയ മത്സരത്തിൽ വലിയൊരു നാണക്കേടിന്റെ റെക്കോർഡും ഹോളണ്ട് ഏറ്റുവാങ്ങി.

ഫ്രാൻസിനെതിരായ മത്സരത്തിന്റെ ആദ്യത്തെ ഇരുപത്തിയൊന്ന് മിനുട്ടിൽ തന്നെ മൂന്നു ഗോളുകൾ ഹോളണ്ട് വഴങ്ങിയിരുന്നു. ഇതിനു മുൻപ് ആദ്യത്തെ ഇരുപത്തിയൊന്ന് മിനുട്ടിൽ ഹോളണ്ട് മൂന്നു ഗോളുകൾ വഴങ്ങിയിരിക്കുന്നത് 1919ലാണ്. നൂറിലധികം വർഷം പഴക്കമുള്ള ഒരു നാണക്കേടിന്റെ റെക്കോർഡിനൊപ്പമാണ് കഴിഞ്ഞ ദിവസം കൂമാനു കീഴിൽ ഹോളണ്ട് എത്തിയത്.

മത്സരത്തിൽ ഫ്രാൻസിന്റെ ആദ്യത്തെ ഗോൾ അന്റോയിൻ ഗ്രീസ്‌മാന്റെ വകയായിരുന്നു. അതിനു ശേഷം പ്രതിരോധതാരം ഉപമേകാനോ ടീമിനായി ഗോൾ നേടി. പിന്നീട് ഫ്രാൻസിന്റെ രണ്ടു ഗോളുകളും സൂപ്പർതാരം കിലിയൻ എംബാപ്പയാണ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ആശ്വാസഗോൾ നേടാൻ ഹോളണ്ടിന് അവസരമുണ്ടായിരുന്നെങ്കിലും ഡീപേയുടെ കിക്ക് ഗോളി തടഞ്ഞിട്ടു.

പ്രധാന താരങ്ങളിൽ പലരും ഇല്ലാതെയാണ് ഹോളണ്ട് ഇറങ്ങിയത്. മധ്യനിരയിൽ ഫ്രങ്കീ ഡി ജോംഗ് കളിച്ചിരുന്നില്ല. ഇതിനു പുറമെ ലെഫ്റ്റ് ബാക്കായി കളിക്കുന്ന ഡാംഫ്രെയ്‌സും മത്സരത്തിനില്ലാതിരുന്നു. ഒരു ഒഴികഴിവും ഈ തോൽ‌വിയിൽ പറയാനില്ലെന്നും വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുമാണ് ഇതേക്കുറിച്ച് കൂമൻ പറഞ്ഞത്.