❝പിന്നിൽ നിന്നും കുത്തുന്ന സീനിയർ താരങ്ങൾ❞ ; കളിക്കളത്തിന് പുറത്തെ കളികളിൽ കാലിടറി വീണ അനസ് എടത്തൊടിക |Anas Edathodika

കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതി ഇന്ത്യൻ ഫുട്ബോളിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ താരമാണ് അനസ് എടത്തൊടിക.ഫുട്‌ബോള്‍ മൈതാനത്ത് ഏറ്റവും പ്രയാസമേറിയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഡിഫന്‍ഡര്‍മാര്‍. എതിര്‍ ടീമിന്റെ ആക്രമണങ്ങളില്‍ നിന്ന് സ്വന്തം ഗോള്‍പോസ്റ്റിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടവര്‍.

ചെറിയൊരു പിഴവ് മതി പന്ത് വലയിലെത്തും, മത്സരം കൈവിടും. മൈതാനത്ത് എല്ലാകാലവും അത്രയും ജാഗ്രതോയോടെ കളിച്ച് കഴിവ് തെളിയിച്ച കൊണ്ടോട്ടിക്കാരനായ അനസിന് പക്ഷെ കളിക്കളത്തിലെ പുറത്തെ കളികളിൽ അത്ര ജാഗ്രത പുലർത്താൻ സാധിച്ചില്ല. ഇപ്പോഴിതാ തനിക്ക് കിട്ടേണ്ടിയിരുന്ന സര്‍ക്കാര്‍ ജോലി കൈവിട്ടു പോകാന്‍ കാരണായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് അനസ്.കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ താരം തന്റെ അവസ്ഥ പുറത്ത് പറഞ്ഞത്.

15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ കേരളത്തിനും ഇന്ത്യന്‍ ടീമിനായും ബൂട്ടുകെട്ടിയ അനസിന് ഇതുവരെ ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് പോലും വിവിധ വകുപ്പുകളില്‍ ജോലി ലഭിക്കുമ്പോഴാണ് അനസിനെ പോലൊരു താരം ഇത്തരത്തില്‍ അവഗണനയ്ക്ക് ഇരയാകുന്നതെന്നോര്‍ക്കണം. ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്ക് അപേക്ഷിച്ച ശേഷം താന്‍ നേരിട്ട അവഗണനകളെ കുറിച്ച് താരം പറഞ്ഞത്.താൻ ഡിപ്പാർട്മെന്റ് ജോലികൾക്ക് ശ്രമിക്കുകയും അതിനുവേണ്ടി പേപ്പറുകൾ അയക്കുകയും ചെയ്തിരുന്നു. എന്നാൽ പല പ്രമുഖരും തന്നെ ചതിക്കുകയായിരുന്നു. മുന്നിൽനിന്ന് മോനെ എന്ന് വിളിച്ചവർ തന്നെയാണ് തന്നെ പിന്നിൽ നിന്നും കുത്തിയത് എന്ന് അദ്ദേഹം പറയുന്നു.

ദേശീയ ടീമിൽ നിന്നും പെട്ടെന്ന് വിരമിക്കാൻ ഇതും കൂടി കാരണമായിട്ടുണ്ട്. താൻ ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം ആ പേരുകൾ വെളിപ്പെടുത്തും. അത് വളർന്നുവരുന്ന കളിക്കാർക്കുള്ള പാഠമായിരിക്കും. ഒരുപക്ഷെ ആ വെളിപെടുതൽ വലിയൊരു വിവാദത്തിന് വഴിയാകും എന്ന് തനിക്കറിയാമെന്നും അദ്ദേഹം ആ ആഭിമുഖത്തിൽ പറയുന്നുണ്ട്.

2016 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളർ. കേരളത്തിനും മഹാരഷ്ട്രക്കും വേണ്ടി സന്തോഷ്‌ ട്രോഫി.8 വർഷം ഐ ലീഗിൽ. 6 വർഷം ISL ൽ ഇന്ത്യ കളിച്ച ഏറ്റവും വലിയ ടൂർണമെന്റായ ഏഷ്യ കപ്പ് ഉൾപ്പെടെ 21 മത്സരങ്ങളിൽ രാജ്യത്തിന്റെ പ്രതിരോധം സംരക്ഷിച്ചു. ISL ചാമ്പ്യൻ, ഷീൽഡ് വിജയി. രണ്ട് ഇന്റർകോണ്ടിനന്റൽ കീരീടം. രണ്ടു തവണ ഐ ലീഗ് റണ്ണേഴ്‌സ് അപ്പ് , ഫെഡറേഷൻ കപ്പ് റണ്ണേഴ്‌സ്. ബെസ്റ്റ് പ്ലയെർ ഓഫ് ദി ക്ലബ് {പുണെ എഫ് സി ) ബെസ്റ്റ് ഡിഫൻഡർ ഓഫ് ഐ ലീഗ് .അനസ് തന്റെ കരിയറിൽ നേടിയ നേട്ടങ്ങൾ ഇതെല്ലാമാണ്.

രാജ്യത്തിനായി കളിച്ച 21 മത്സരത്തിൽ വെറും 4 തോൽവികളാണ് അനസിന് നേരിടേണ്ടി വന്നത്. രാജ്യത്തിനും നാടിനും വേണ്ടി നേടാവുന്നതിലപ്പുറം എല്ലാം അയാൾ നേടി. പരിക്കുകളോടും പ്രതിസന്ധികളോടും പടവെട്ടുമ്പോഴെല്ലാം വേദന മറന്നു വേദന സംഹാരികൾ വരെ കുത്തി വെച്ച് നമ്മുടെ അഭിമാനം കാക്കാൻ ഇറങ്ങി.പരിക്ക് കാരണം രണ്ടു വര്‍ഷത്തോളമാണ് കരിയറില്‍ അനസിന് ഇടവേളയെടുക്കേണ്ടി വന്നത്.

സര്‍ജറിക്ക് പിന്നാലെ കോവിഡ് കൂടിയെത്തിയതോടെ ജീവിതം ദുസ്സഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019-ല്‍ എടികെയെക്കായി കളിക്കുന്നതിനിടെയാണ് അനസിന് പരിക്കേല്‍ക്കുന്നത്. ഇതോടെ രണ്ടു വര്‍ഷം കളത്തിന് പുറത്തായി. ഒടുവില്‍ കഴിഞ്ഞ സീസണില്‍ ജംഷേദ്പുര്‍ എഫ്‌സി ടീമിലെടുത്തു. പക്ഷേ പരിക്ക് കാരണം വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. അതും ആദ്യ ഇലവനില്‍ ഇല്ലാതെ അവസാന 15-20 മിനിറ്റുകള്‍ മാത്രമാണ് കളത്തിലിറങ്ങാനായത്.

എന്തായാലും അനസ് എടത്തൊടികയുടെ വിരമിക്കലോടെ അദ്ദേഹം തുറന്നുപറയാൻ പോകുന്ന പേരുകളിലൂടെ കേരള ഫുട്ബാളിലെയും എന്തിനധികം പറയുന്നു ഇന്ത്യൻ ഫുട്ബാളിലെയും തന്നെ വൻവിവാദത്തിന് വഴിമരുന്നിട്ടേക്കാം.അവഗണനകളെയും പരിഹാസങ്ങളെയും പുഞ്ചിരിയും നിശ്ചയദാർഢ്യവും കൊണ്ട് നേരിട്ടാണ് അനസ് ഇന്ത്യയോളം വളർന്നത്. അത്കൊണ്ട് തന്നെ വളർന്നു വരുന്ന ഒരു താരത്തിനും അനസിന്റെ ഈ അവസ്ഥ വരാതിരിക്കാൻ ശ്രമം തുടങ്ങണം.

Rate this post