ആ രണ്ടു താരങ്ങളും അനശ്വരമായത്, എസി മിലാന്റെ കുതിപ്പിനെക്കുറിച്ചും കാർലോ ആൻസലോട്ടി

ക്രിസ്ത്യാനോ റൊണാൾഡോയും സ്ലാട്ടൻ ഇബ്രഹിമോവിച്ചും അനശ്വരരായ കളിക്കാരാണെന്ന് ഇരുവരെയും പരിശീലിപ്പിച്ചിട്ടുളള എവർട്ടൺ കോച്ച് കാർലോ ആൻസലോട്ടി. നിലവിൽ ഇബ്രഹിമോവിച്ചിന്റെ കൂടി മികച്ച പ്രകടനത്തിന്റെ ഭാഗമായി ഇറ്റലിയിൽ എസി മിലാൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നുണ്ടെങ്കിലും അവർക്കിനിയും നികത്താൻ പലതുമുണ്ടെന്ന് മിലാന്റെ മുൻ പരിശീലകൻ കൂടിയായ ആൻസലോട്ടി അഭിപ്രായപ്പെട്ടു.

“സ്ലാട്ടൻ അമേരിക്കയിലേക്കു പോയപ്പോൾ കരിയറിന്റെ അവസാനമായെന്നാണു ഞാൻ കരുതിയത്. അതിനു പകരം എല്ലാ ആഴ്ചയും അദ്ദേഹം ഗോളുകൾ നേടുകയും ഇറ്റലിയിലേക്കു തിരിച്ചെത്തുകയും ചെയ്തു. ഇറ്റലിയിൽ കരിയർ അവസാനിപ്പിക്കുമെന്നു ചിന്തിക്കുമ്പോൾ താരം വീണ്ടും എല്ലാ ആഴ്ചയും ഗോളുകൾ നേടുന്നു. നാപോളിയിലുണ്ടായിരുന്നപ്പോൾ ഞാൻ താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു.”

”അദ്ദേഹം ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ അനശ്വരനാണ്. കളിച്ചു കൊണ്ടിരിക്കുന്നത് എളുപ്പമാണ്. എന്നാൽ അവരെപ്പോഴും ഗോളുകൾ നേടിക്കൊണ്ടിരിക്കയാണ്. അതെളുപ്പമല്ല. ക്രിസ്ത്യാനോ റൊണാൾഡോയോട് കളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹം മറ്റു താരങ്ങളേക്കാൾ മികച്ചതാണെന്നു പറയാൻ ശാസ്ത്രജ്ഞനാകേണ്ടതില്ല.” ആൻസലോട്ടി ടിക്കി ടാക്കയോടു പറഞ്ഞു.

”മിലാൻ മികച്ച റിസൾട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും യുവന്റസ്, ഇന്റർ എന്നിവർക്കൊപ്പമെത്താൻ എന്തോ ഒന്നവർ മിസ് ചെയ്യുന്നുണ്ട്. എന്നാൽ ഈ യൂറോപ്യൻ സീസൺ വിചിത്രമായതു കൊണ്ട് വ്യത്യസ്തമായ ഫലങ്ങൾ ഉണ്ടായേക്കാം. എന്തും പ്രതീക്ഷിക്കാമെന്ന അവസ്ഥയാണ്.” ആൻസലോട്ടി പറഞ്ഞു.