അർജന്റീന ആരാധകർക്ക് സന്തോഷവാർത്ത,പുതിയ തീരുമാനവുമായി എയ്ഞ്ചൽ ഡി മരിയ |Angel Di Maria

ഈ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നേടി കൊടുക്കുന്നതിൽ തന്റേതായ പങ്ക് വഹിച്ചിട്ടുള്ള സൂപ്പർതാരമാണ് എയ്ഞ്ചൽ ഡി മരിയ.പ്രത്യേകിച്ച് ഫ്രാൻസിനെതിരെ ഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചിരുന്നത്. ഒരു ഗോളും ഡി മരിയ മത്സരത്തിൽ കരസ്ഥമാക്കിയിരുന്നു.

ഈ വേൾഡ് കപ്പിന് മുന്നേ തന്റെ അർജന്റീന കരിയറിനെ കുറിച്ച് നിർണായകമായ ഒരു തീരുമാനം ഡി മരിയ എടുത്തിരുന്നു. അതായത് വേൾഡ് കപ്പിന് ശേഷം താൻ അർജന്റീനയുടെ ടീമിൽ ഉണ്ടാവില്ലെന്നും വിരമിക്കുമെന്നുമായിരുന്നു ഡി മരിയ തീരുമാനമെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ ലോക ചാമ്പ്യനായതിനു പിന്നാലെ ഡി മരിയ വിരമിക്കൽ തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ടീമിൽ തന്നെ തുടരാനാണ് ഇപ്പോൾ ഡി മരിയ തീരുമാനിച്ചിട്ടുള്ളത്.അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അർജന്റീന ദേശീയ ടീമിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ ഡി മരിയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് പരമാവധി ആസ്വദിക്കാനാണ് താരത്തിന്റെ തീരുമാനം. അർജന്റീനയുടെ ഒരു ഭാഗ്യ താരം എന്നൊക്കെ വിശേഷിപ്പിക്കാൻ സാധിക്കുന്ന താരമാണ് ഡി മരിയ. കഴിഞ്ഞ മൂന്ന് ഫൈനലുകളിലും ഗോൾ നേടിക്കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച താരം കൂടിയാണ് ഡി മരിയ.

താരം ദേശീയ ടീമിൽ തുടരുന്നത് അർജന്റീനക്കും ഗുണം ചെയ്യുന്ന കാര്യമാണ്. ഫിറ്റ്നസ് സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും താരത്തിന്റെ ഫോമിൽ ഒരു പ്രശ്നവും ഇതുവരെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിൽ ഒക്കെ തന്നെയും അർജന്റീനക്ക് വേണ്ടി നിർണായകപ്രകടനങ്ങൾ നടത്താൻ ഡി മരിയക്ക് കഴിയുമെന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Rate this post