അൻസു ഫാറ്റി നാലു മാസം പുറത്ത്, തിരിച്ചടി മാഞ്ചസ്റ്റർ യുണൈറ്റഡിന്

റയൽ ബെറ്റിസിനെതിരായ ലാലിഗ മത്സരത്തിൽ പരിക്കേറ്റു ശസ്ത്രക്രിയ വേണ്ടി വന്ന ബാഴ്സലോണ മുന്നേറ്റനിര താരം അൻസു ഫാറ്റി നാലു മാസം കളത്തിനു പുറത്തിരിക്കുമെന്ന് ബാഴ്സലോണ സ്ഥിരീകരിച്ചു. ബെറ്റിസിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഐസ മെൻഡിയുടെ ഫൗളിലാണ് പതിനെട്ടുകാരനായ സ്പാനിഷ് താരത്തിനു പരിക്കേറ്റത്. രണ്ടാം പകുതിയിൽ താരം കളിക്കാനിറങ്ങിയിരുന്നില്ല.

ലാലിഗയിൽ ബാഴ്സയുടെ ടോപ് സ്കോററായ ഫാറ്റിയുടെ പരിക്ക് ബാഴ്സലോണക്കു തിരിച്ചടിയാവുന്നതിനു പുറമേ മാഞ്ചസ്റ്റർ യുണൈറ്റഡിനും വലിയ നിരാശയാണു സമ്മാനിക്കുക. ഫാറ്റിക്കു പരിക്കു പറ്റിയതോടെ ടീമിൽ കൂടുതൽ അവസരം ലഭിക്കുമെന്നുറപ്പുള്ള ഒസ്മാൻ ഡെംബലയെ ജനുവരിയിൽ സ്വന്തമാക്കാനുള്ള യുണൈറ്റഡിന്റെ മോഹങ്ങളാണ് ഇതോടെ അവസാനിച്ചത്.

ആക്രമണത്തിൽ ഡെംബലെ മികച്ചു നിൽക്കുമെങ്കിലും പ്രതിരോധത്തിൽ പിന്നിലാണെന്നതാണ് താരത്തെ ബാഴ്സലോണ ഒഴിവാക്കാൻ തീരുമാനിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാൽ ഫാറ്റിക്കു പരിക്കു പറ്റിയതിനെ തുടർന്ന് ടീമിൽ ഡെംബലെ തുടർന്നേക്കും. ഈ സീസണു ശേഷമായിരിക്കും താരത്തെ ഒഴിവാക്കണോ വേണ്ടയോ എന്നതിനെ പറ്റി ബാഴ്സലോണ തീരുമാനമെടുക്കുന്നുണ്ടാകൂ.

കൂമാൻ ബാഴ്സലോണ പരിശീലകനായി തുടരുകയാണെങ്കിൽ ഡെംബലെ ടീമിൽ നിലനിൽക്കാൻ യാതൊരു സാധ്യതയുമില്ല. മൂർച്ചയേറിയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന വേഗതയേറിയ താരമാണു ഡെംബലെയെങ്കിലും ടീമിന്റെ കേളീശൈലിയേയും തന്ത്രങ്ങളെയും പലപ്പോഴും അദ്ദേഹം മറികടക്കുന്നുണ്ട്. ജനുവരിയിൽ മെംഫിസ് ഡിപേ ടീമിലെത്തുകയാണെങ്കിൽ ഡെംബലെയുടെ കാര്യത്തിൽ തീരുമാനമായേക്കും.