എംബാപ്പയെ നായകനാക്കിയതിൽ അതൃപ്‌തി, ഫ്രഞ്ച് സൂപ്പർതാരം വിരമിക്കാൻ ആലോചിക്കുന്നു

കഴിഞ്ഞ ദിവസമാണ് യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ടീമിന്റെ നായകനായി എംബാപ്പയെ പ്രഖ്യാപിച്ചത്. ആന്റോയിൻ ഗ്രീസ്‌മനെ ഉപനായകനായും തീരുമാനിച്ചു. ലോകകപ്പിന് ശേഷം ഫ്രാൻസ് നായകനായ ഹ്യൂഗോ ലോറിസും അതിനു പിന്നാലെ പ്രതിരോധതാരം റാഫേൽ വരാനെയും വിരമിച്ചതിനെ തുടർന്നാണ് പുതിയ നായകനെ തിരഞ്ഞെടുത്തത്.

എന്നാൽ എംബാപ്പയെ നായകനാക്കിയ തീരുമാനത്തിൽ ഉപനായകനായ അന്റോയിൻ ഗ്രീസ്‌മനു എതിരഭിപ്രായമുണ്ടെന്നാണ് ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേശീയ ടീമിൽ എംബാപ്പയേക്കാൾ സീനിയറായ താരമാണ് താനെന്നിരിക്കെ യാതൊരു പരിഗണനയും നൽകാതെ തഴഞ്ഞതിൽ അത്ലറ്റികോ മാഡ്രിഡ് താരം അസ്വസ്ഥനാണ്.

മുപ്പത്തിരണ്ടുകാരനായ അന്റോയിന് ഗ്രീസ്‌മൻ 117 മത്സരങ്ങളിൽ ഫ്രാൻസ് ടീമിനായി കളിച്ചിട്ടുണ്ട്. നാല്പത്തിരണ്ടു ഗോളുകൾ നേടുകയും ചെയ്‌തു. ഫ്രാൻസ് കിരീടം നേടിയ 2018 ലോകകപ്പിലും ഫൈനൽ വരെയെത്തിയ കഴിഞ്ഞ ലോകകപ്പിലും ടീമിന്റെ അച്ചുതണ്ട് ഗ്രീസ്‌മൻ ആയിരുന്നു. എന്നാൽ അർഹിച്ച പ്രശംസ താരത്തിന് ലഭിച്ചിട്ടില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

എംബാപ്പെക്ക് നായകസ്ഥാനം നൽകുകയും തന്നെ തഴയുകയും ചെയ്‌തതിൽ അതൃപ്‌തനായ ഗ്രീസ്‌മൻ ദേശീയ ടീമിൽ നിന്നും വിരമിക്കുന്ന കാര്യം വരെ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രാൻസ് ടീമിലും പിഎസ്‌ജിയിലും എംബാപ്പെക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇത് അർഹതയുള്ള പല സീനിയർ താരങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

അതേസമയം എംബാപ്പെക്ക് നായകസ്ഥാനം നൽകിയത് ഗ്രീസ്മാനിൽ നിന്നും അതെടുത്തു മാറ്റുകയല്ലെന്നാണ് പരിശീലകൻ പ്രതികരിച്ചത്. താരം അതിനു പൂർണമായും അർഹനാണെന്നും യുക്തിക്ക് നിരക്കുന്ന തീരുമാനമാണതെന്നും അദ്ദേഹം പറഞ്ഞു. ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാൻ താരത്തിന് കഴിയുമെന്നും ദെഷാംപ്‌സ് പറഞ്ഞു.

Rate this post
Kylian Mbappe