“റൊണാൾഡോയെ സംബന്ധിച്ച മോശം കാര്യം മെസിയോടു മത്സരിക്കേണ്ടി വന്നതാണ്”- അർജന്റീന നായകൻ നാല് ബാലൺ ഡി ഓർ കൂടി നേടുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

പിഎസ്‌ജി താരവും ചരിത്രത്തിൽ തന്നെ ഏഴു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഒരേയൊരു കളിക്കാരനുമായ ലയണൽ മെസിയെ പ്രശംസ കൊണ്ടു മൂടി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അന്റോണിയോ വലൻസിയ. ദൈവത്തിന്റെ സ്‌പർശനം ഏറ്റു വാങ്ങിയ താരമെന്നു മെസിയെ വിശേഷിപ്പിച്ച വലൻസിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിൽ സംഭവിച്ച ഏറ്റവും മോശം കാര്യം മെസിയുടെ അതേ കാലഘട്ടത്തിൽ കളിക്കേണ്ടി വന്നതാണെന്നും അഭിപ്രായപ്പെട്ടു. അർജന്റീനിയൻ മാധ്യമമായ ഒലെയോട് സംസാരിക്കുകയായിരുന്നു ഇക്വഡോർ താരം.

ലയണൽ മെസിക്കെതിരെ ക്ലബ് തലത്തിലും ദേശീയ ടീമിനു വേണ്ടിയും നിരവധി തവണ ഇറങ്ങിയിട്ടുള്ള താരമാണ് അന്റോണിയോ വലൻസിയ. മെസി കളിച്ച ടീമിൽ നിന്നും നിരാശപ്പെടുത്തുന്ന തോൽവികളും അദ്ദേഹം പലപ്പോഴും ഏറ്റു വാങ്ങിയിട്ടുണ്ട്. എന്നാൽ അത്തരം മത്സരങ്ങളിൽ എതിരാളികളായി ഇറങ്ങുമെങ്കിലും മെസിയോട് ആരാധനയും ബഹുമാനവുമാണ് 2009 മുതൽ 2019 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ബൂട്ടു കെട്ടിയിട്ടുള്ള അന്റോണിയോ വലന്സിയക്കുള്ളതെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

“മെസി സമാനതകളില്ലാത്ത താരമാണ്, ദൈവത്തിന്റെ സ്‌പർശനമേറ്റു വാങ്ങിയ കളിക്കാരൻ, നമ്മളത് മനസിലാക്കേണ്ടതുണ്ട്. ഒരു താരം മറ്റുള്ളവർക്കും അപ്പുറത്തു നിൽക്കുമ്പോൾ അതിനെ മനസിലാക്കാൻ എനിക്കിഷ്ടമാണ്. എന്നെ സംബന്ധിച്ച് മെസി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ- ലയണൽ മെസി വൈരി നിലനിൽക്കുന്ന സമയത്ത്, റൊണാൾഡോയെ സംബന്ധിച്ച് മോശം കാര്യം മെസിയും അവിടെ ഉണ്ടായിരുന്നു എന്നതാണ്.” വലൻസിയ പറഞ്ഞു. മെസിക്ക് ഇനിയും നാല് ബാലൺ ഡി ഓർ കൂടി സ്വന്തമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലബ് തലത്തിൽ ഇനി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ ബാക്കിയില്ലാത്ത ലയണൽ മെസി കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക നേടി ആദ്യത്തെ രാജ്യാന്തര കിരീടവും സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെ ഏഴാമത്തെ ബാലൺ ഡി ഓറും നേടിയ താരത്തിന്റെ റെക്കോർഡ് മറ്റൊരാൾക്ക് മറികടക്കാൻ കഴിയുമോയെന്നു സംശയമാണ്. കഴിഞ്ഞ സമ്മർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് തന്റെ മികച്ച ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിന്റെ തുടക്കം മുതൽ തന്നെ താളം വീണ്ടെടുക്കാൻ അർജന്റീന താരത്തിനാവുന്നുണ്ട്.

Rate this post