ഹൃദയവും ആത്മാവും കളത്തിൽ ടീമിന് വേണ്ടി സമർപ്പിക്കുന്ന യഥാർത്ഥ അർജന്റീനക്കാരൻ: പുകഴ്ത്തി ബ്രസീലിയൻ സൂപ്പർതാരം ആന്റണി

ഈ ട്രാൻസ്ഫർ വിൻഡോയിൽ അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ അർജന്റൈൻ പ്രതിരോധനിരതാരം ലിസാൻഡ്രോ മാർട്ടിനെസിന് കടുപ്പമേറിയ ഒരു തുടക്കമാണ് ലഭിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രന്റ്ഫോർഡിനോട് നാല് ഗോളുകൾക്ക് പരാജയപ്പെട്ടപ്പോൾ വലിയ വിമർശനങ്ങൾ ഈ അർജന്റീന താരത്തിന് ലഭിച്ചു. താരത്തിന്റെ ഉയരക്കുറവിനെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പലരും വിമർശനങ്ങൾ ചൊരിഞ്ഞത്.

എന്നാൽ അതേ വിമർശകരെ കൊണ്ട് തിരുത്തി പറയിക്കുന്ന ലിസാൻഡ്രോയെയാണ് നമുക്ക് കാണാൻ സാധിച്ചത്. തുടർന്ന് നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു മത്സരങ്ങളിലും മിന്നുന്ന പ്രകടനം നടത്തിക്കൊണ്ട് കയ്യടി വാങ്ങി.ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച യുണൈറ്റഡ് താരത്തിനുള്ള പുരസ്കാരവും തന്റെ ക്യാബിനറ്റിൽ എത്തിക്കാൻ ഈ അർജന്റീനക്കാരന് കഴിഞ്ഞു. ഇന്നലെ നടന്ന ലെസ്റ്ററിനെതിരെയുള്ള മത്സരത്തിലും വിള്ളലൊന്നും ഏൽക്കാതെ യുണൈറ്റഡിന്റെ പ്രതിരോധത്തെ കാക്കാൻ ലിസാൻഡ്രോക്ക് കഴിഞ്ഞു.

അയാക്സിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ സഹതാരമായിരുന്ന ബ്രസീലിയൻ മിന്നും താരം ആന്റണിയെയും പരിശീലകൻ ടെൻ ഹാഗ് മിന്നും വില നൽകിക്കൊണ്ട് യുണൈറ്റഡിൽ എത്തിച്ചേരുന്നു.തന്റെ പ്രസന്റെഷന് ശേഷം ആന്റണി ലിസാൻഡ്രോയെ പറ്റി സംസാരിച്ചിരുന്നു.ടീമിനുവേണ്ടി കളത്തിൽ ഹൃദയവും ആത്മാവും സമർപ്പിക്കുന്ന അർജന്റീനക്കാരന്റെ എല്ലാ ശൈലിയുമുള്ള താരമാണ് ലിസാൻഡ്രോ എന്നാണ് ആന്റണി താരത്തെക്കുറിച്ച് പറഞ്ഞത്.

‘ലിസാൻഡ്രോ മാർട്ടിനസിന് അദ്ദേഹതിന്റെ അർജന്റൈൻ സ്റ്റൈലുണ്ട്.ഞങ്ങൾക്ക് അത് നന്നായി അറിയാം. ഞാൻ അതിന് ഇഷ്ടപ്പെടുന്നു. അദ്ദേഹം എങ്ങനെ കളിക്കുന്നു എന്നുള്ളത് എന്നെ വളരെയധികം മോട്ടിവേറ്റ് ചെയ്യുന്നു. അദ്ദേഹം പോരാടുന്ന രീതിയും കളത്തിൽ ടീമിന് വേണ്ടി ഹൃദയവും ആത്മാവും അദ്ദേഹം സമർപ്പിക്കുന്ന രീതിയുമൊക്കെ അവിശ്വസനീയമാണ്.മാർട്ടിനെസ്സിനെ അടുത്തുനിന്ന് വീക്ഷിച്ചിട്ടുള്ള ഒരാളാണ് ഞാൻ.എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹം ഒരു മികച്ച താരമാണ് എന്നും വിസ്‌ഫോടനാത്മകമായ താരമാണ് എന്നുള്ളതും ആളുകൾ ഉടനെ തിരിച്ചറിയും ‘ ആന്റണി പൂർത്തിയാക്കി.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിൽ വലിയൊരു റോൾ ലിസാൻഡ്രോ മാർട്ടിനസിന്റെതാണ്. ഒന്നാം സ്ഥാനക്കാരായ ആഴ്സണലാണ് ഇനി യുണൈറ്റഡിന്റെ എതിരാളികൾ.