കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഒരാളുടെ മാത്രം വ്യക്തിഗത മികവിൽ അല്ല അർജന്റീന സ്വന്തമാക്കിയിട്ടുള്ളത്.മറിച്ച് ടീം എന്ന നിലയിൽ കൂട്ടായ പരിശ്രമത്തിലൂടെയാണ് വേൾഡ് കപ്പ് അർജന്റീന സ്വന്തം നാട്ടിലെത്തിച്ചത്.മറ്റുള്ള ടീമുകളിൽ നിന്നും അർജന്റീനയെ വ്യത്യസ്തമാക്കിയത് ഈയൊരു ഒത്തിണക്കം തന്നെയായിരുന്നു.എന്നിരുന്നാലും വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരം അത് മെസ്സിയായിരുന്നു എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.
7 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ ലയണൽ മെസ്സി തന്നെയായിരുന്നു ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയതും.എന്നാൽ മെസ്സിക്ക് ശേഷം അർജന്റീന ദേശീയ ടീമിലെ ഏറ്റവും മികച്ച താരം ആരായിരുന്നു എന്നുള്ളത് ഏവരും ചർച്ച ചെയ്യുന്ന കാര്യമാണ്.ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിനെ പറയുന്നവരുണ്ട്.മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ എൻസോ ഫെർണാണ്ടസിനെ പറയുന്നവരും സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയയെ പറയുന്നവരുമുണ്ട്.
എന്നാൽ മുൻ അർജന്റൈൻ സൂപ്പർതാരമായ കാർലോസ് ടെവസിന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അത് ജൂലിയൻ ആൽവരസാണ്.വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ ഈ മാഞ്ചസ്റ്റർ സിറ്റി താരത്തിന് കഴിഞ്ഞിരുന്നു.ലൗറ്ററോക്ക് തന്റെ ചുമതല നിർവഹിക്കാൻ കഴിയാതെ വന്നതോടുകൂടി ജൂലിയൻ ആൽവരസ് ആ സ്ഥാനം ഏറ്റെടുക്കുകയും ഗോളുകൾ നേടുകയും ചെയ്തു.അദ്ദേഹവും വേൾഡ് കപ്പ് കിരീടനേട്ടത്തിൽ വലിയ റോൾ വഹിച്ചിട്ടുണ്ട്.
‘ലയണൽ മെസ്സിക്ക് ശേഷം ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ജൂലിയൻ ആൽവരസാണ്.അദ്ദേഹം വേൾഡ് കപ്പിൽ ചെയ്ത കാര്യങ്ങൾ എല്ലാം മതിപ്പ് ഉണ്ടാക്കുന്നതായിരുന്നു.ടീമിലെ നമ്പർ നയണ് തിളങ്ങാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം ആ റോൾ ഏറ്റെടുത്തു.എന്നിട്ട് വേൾഡ് കപ്പിൽ അർജന്റീനയെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു ‘ടെവസ് പറഞ്ഞു.
വേൾഡ് കപ്പിലെ 7 മത്സരങ്ങളിലും കളിക്കാൻ ഈ യുവ താരത്തിന് കഴിഞ്ഞിട്ടുണ്ട്.5 മത്സരങ്ങളിൽ ആണ് അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയിരുന്നത്.പക്ഷേ തന്റെ കഴിവ് തെളിയിക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി അവസരം ലഭിക്കാത്തതിൽ താരം അസ്വസ്ഥനാണ് എന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.