മെസിയെ മാറ്റി നിർത്തിയാൽ ഞങ്ങൾക്ക് താഴെയാകും അർജന്റീന ടീം, ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി പറയുന്നു

കഴിഞ്ഞ രണ്ടു ലോകകപ്പിലും ജർമൻ ദേശീയ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു. 2014 ലോകകപ്പ് നേടിയ ടീം അതിനു ശേഷം നടന്ന 2018 ലോകകപ്പിലും ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ജർമൻ ഫുട്ബോൾ ടീമിനെ സംബന്ധിച്ച് സമാനതകളില്ലാത്ത ഒരു തിരിച്ചടിയാണ് തുടർച്ചയായ രണ്ടു ലോകകപ്പുകളിൽ ആദ്യത്തെ ഘട്ടത്തിൽ തന്നെ പുറത്തു പോവുകയെന്നത്.

ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തിയതിനു പുറമെ ഖത്തർ ലോകകപ്പിന് ശേഷം ജർമൻ ഫുട്ബോൾ ഫെഡറേഷനിലും അഴിച്ചുപണികൾ ആരംഭിച്ചിട്ടുണ്ട്. മുൻ ബയേർ ലെവർകൂസൻ താരമായ റൂഡി വോളർ ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ ഡയറക്റ്റർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം അർജന്റീനയുടെ ലോകകപ്പ് നേട്ടത്തെക്കുറിച്ചും ലയണൽ മെസിയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

“ലയണൽ മെസി ഇല്ലായിരുന്നെങ്കിൽ അർജന്റീന ഒരിക്കലും ഞങ്ങളെക്കാൾ മികച്ച ടീമായിരിക്കില്ല. മെസി അസാമാന്യ കഴിവുകളുള്ള താരമാണ്. പക്ഷെ ലോകകപ്പിൽ അർജന്റീന വളരെ മികച്ച രീതിയിലാണ് പ്രതിരോധിച്ചു കൊണ്ടിരുന്നത്. ഓരോ മത്സരങ്ങളിലും വളരെ കൃത്യമായി പ്രതിരോധിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് അവരെ കിരീടം സ്വന്തമാക്കാൻ സഹായിച്ചത്.” അദ്ദേഹം പറഞ്ഞു.

വോളരുടെ അഭിപ്രായം മെസിയെ മാറ്റി നിർത്തിയാൽ അർജന്റീന ജര്മനിയെക്കാൾ മോശമാണെന്നാണെങ്കിലും അർജന്റീന ആരാധകർ അതൊരിക്കലും അംഗീകരിച്ചു തരില്ല. ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം അർജന്റീനയുടെ മനോഭാവത്തിൽ തന്നെ വളരെയധികം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അർജന്റീനക്ക് മെസിയില്ലെങ്കിലും ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.

Rate this post