രണ്ടു സൗഹൃദമത്സരങ്ങൾക്ക് പുറമെ അർജന്റീന മറ്റൊരു മത്സരം കൂടി കളിക്കും|Argentina

ഖത്തർ ലോകകപ്പിന് ശേഷം ആദ്യമായി മത്സരങ്ങൾ കളിക്കാൻ വേണ്ടി ഇറങ്ങുകയാണ് അർജന്റീന. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചു മണിക്ക് നടക്കുന്ന മത്സരത്തിൽ പനാമയാണ് അർജന്റീനയുടെ എതിരാളികൾ. ഇതിനു പുറമെ ഇരുപത്തിയെട്ടിന് രാത്രി മറ്റൊരു മത്സരം കൂടി അർജന്റീന കളിക്കുന്നുണ്ട്. അതിൽ കുറകാവോയാണ് എതിരാളികൾ.

ലോകകപ്പ് വിജയം സ്വന്തം നാട്ടിലെ ആരാധകർക്ക് മുന്നിൽ ആഘോഷിക്കുന്നതിനു കൂടി വേണ്ടിയാണ് ഈ മത്സരങ്ങൾ. അതുകൊണ്ടാണ് തങ്ങളെ വെച്ചു നോക്കുമ്പോൾ ദുർബലരായ എതിരാളികളെ അർജന്റീന തിരഞ്ഞെടുത്തത്. വമ്പൻ ടീമുകളോടേറ്റു മുട്ടി വിജയം നേടാനായില്ലെങ്കിൽ അത് ലോകകപ്പ് ആഘോഷങ്ങളുടെ നിറം കെടുത്തും.

അതേസമയം ഈ രണ്ടു മത്സരങ്ങൾക്ക് പുറമെ അർജന്റീന ടീം മറ്റൊരു മത്സരം കൂടി കളിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അർജന്റീനയിലെ പ്രമുഖ ക്ലബായ റിവർപ്ലേറ്റുമായാണ് ദേശീയ ടീം മത്സരം കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പനാമക്കെതിരായ മത്സരത്തിന് ശേഷം വെള്ളിയാഴ്‌ചയാണ്‌ ഈ മത്സരം നടക്കുക.

സൗഹൃദമത്സരങ്ങൾ ആയതിനാൽ തന്നെ നിരവധി യുവതാരങ്ങൾക്ക് അർജന്റീന പരിശീലകൻ സ്‌കലോണി അവസരം നൽകിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും പനാമക്കെതിരെ ഇറങ്ങിയേക്കില്ല. ഈ താരങ്ങൾക്ക് മത്സരപരിചയം ലഭിക്കാനും അവരെ വിശകലനം ചെയ്യാനും വേണ്ടി ഇവരെ റിവർപ്ലേറ്റിനെതിരെ കളിപ്പിക്കാനാണ് സ്‌കലോണി ഒരുങ്ങുന്നത്.

ഈ ലോകകപ്പിൽ കളിച്ച പല താരങ്ങളും അർജന്റീന ദേശീയ ടീമിൽ ദീർഘകാലം തുടരാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും പുതിയൊരു ടീമിനെ അർജന്റീനക്ക് വാർത്തെടുക്കേണ്ടതുണ്ട്. അതിനായാണ് അവസരം കിട്ടാത്ത താരങ്ങളെ ഉൾപ്പെടുത്തി മറ്റൊരു മത്സരം കൂടി നടത്തുന്നത്.

3.7/5 - (3 votes)