അർജന്റൈൻ സൂപ്പർ താരത്തിന് പരിക്ക്, വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമായേക്കും.

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് അർജന്റീന. പരിശീലകൻ സ്കലോണി ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം രണ്ട് മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. പതിമൂന്നാം തിയ്യതി പരാഗ്വക്കെതിരെയും പതിനെട്ടാം തിയ്യതി പെറുവിനെതിരെയുമാണ് അർജന്റീന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.

എന്നാൽ ടീമിന് തിരിച്ചടിയേൽപ്പിച്ചു കൊണ്ട് പ്രധാനപ്പെട്ട താരത്തിന് പരിക്കേറ്റിയിരിക്കുകയാണിപ്പോൾ.പ്രതിരോധനിര താരം യുവാൻ ഫോയ്ത്തിനാണ് പരിക്കേറ്റിരിക്കുന്നത്. താരത്തിന്റെ ക്ലബായ വിയ്യാറയൽ ഇഞ്ചുറി സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ ഖരബാഗിനെതിരെയുള്ള മത്സരത്തിലായിരുന്നു ഫോയ്ത്തിന് ഇഞ്ചുറി പിടിപ്പെട്ടത്. താരത്തിന്റെ വലതു കാലിന് മസിൽ ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരുപത്തിരണ്ടുകാരനായ ഡിഫൻഡർക്ക് രണ്ടോ മൂന്നോ ആഴ്ച്ചകൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം വിയ്യാറയൽ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ താരത്തിന് അർജന്റീനയുടെ മത്സരങ്ങൾ നഷ്ടമായേക്കും. കഴിഞ്ഞ മാസം നടന്ന മത്സരങ്ങളിൽ ഒരു മത്സരത്തിൽ താരം കളിച്ചിരുന്നു. പകരക്കാരന്റെ രൂപത്തിലാണ് താരത്തിന് കളിക്കാൻ അവസരം ലഭിച്ചത്.

കഴിഞ്ഞ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ബൊളീവിയയെയും ഇക്വഡോറിനെയുമായിരുന്നു അർജന്റീന നേരിട്ടിരുന്നത്. ഇതിൽ രണ്ടിലും വിജയം കൊയ്യാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഇക്വഡോറിനെ ഒരു ഗോളിന് തകർത്തപ്പോൾ ബൊളീവിയയെ 2-1 എന്ന സ്കോറിനാണ് തകർത്തു വിട്ടത്. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. ഗോൾശരാശരിയിൽ മുന്നിലുള്ള ബ്രസീൽ ആണ് ഒന്നാമത്.