ആ അർജന്റൈൻ സൂപ്പർ താരത്തെ കൊണ്ടുവരൂ, യുവന്റസിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയ. സമീപകാലത്ത് തകർപ്പൻ ഫോമിലാണ് താരം കളിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗിലെ കുതിപ്പിൽ നിർണായകപങ്ക് വഹിച്ച താരമാണ് ഡിമരിയ. ഫലമായി മുപ്പത്തിരണ്ടുകാരനായ താരത്തിന് അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലേക്ക് വിളി വരികയും ചെയ്തിരുന്നു.

എന്നാൽ അടുത്ത സീസണിൽ താരം പിഎസ്ജിക്കൊപ്പം കാണുമോ എന്നുള്ളത് സംശയമാണ്. ഈ സീസണോട് കൂടി താരത്തിന്റെ കരാർ അവസാനിക്കും. എന്നാൽ ഇതുവരെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ഒന്നും തന്നെ പിഎസ്ജിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അത്കൊണ്ട് തന്നെ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചേക്കും. എന്നാലിപ്പോഴിതാ മുൻ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഡിമരിയയെ വേണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഡിമരിയയെ അടുത്ത സീസണിൽ യുവന്റസിലേക്ക് കൊണ്ടുവരാൻ ക്രിസ്റ്റ്യാനോ ആവിശ്യപ്പെട്ടു എന്നാണ് വാർത്തകൾ. പ്രമുഖമാധ്യമമായ ടോഡോഫിഷാജസാണ് ഈ വാർത്തയുടെ ഉറവിടം. മുമ്പ് ഇരുവരും റയൽ മാഡ്രിഡിൽ ഒന്നിച്ചു കളിച്ചിരുന്നു. 2010 മുതൽ 2014 വരെയാണ് ഡിമരിയ റയലിന്റെ ഭാഗമായിരുന്നത്. തുടർന്ന് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ അവിടെ തിളങ്ങാനാവാതെ വന്നതോടെ പിഎസ്ജിയിൽ എത്തുകയായിരുന്നു.എന്നാൽ ക്രിസ്റ്റ്യാനോയാവട്ടെ രണ്ട് വർഷങ്ങൾക്ക് മുമ്പ് റയൽ വിട്ടു യുവന്റസിലെത്തുകയായിരുന്നു.

ഇരുവരും തമ്മിൽ ഇപ്പോഴും സൗഹൃദബന്ധം നിലനിർത്താറുണ്ടെന്നും ഡിമരിയയെ റൊണാൾഡോ യുവന്റസിലേക്ക് ക്ഷണിച്ചെന്നുമാണ് ഈ മാധ്യമം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരം മികച്ച ഫോമിലാണ് കളിക്കുന്നത് എന്നുള്ളത് യുവന്റസിന് ഗുണകരമയേക്കാം. പക്ഷെ താരത്തിന്റെ കരാർ പിഎസ്ജി പുതുക്കുമോ എന്നും നോക്കി കാണേണ്ടിയിരിക്കുന്നു.