ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ കീഴടക്കിയെത്തിയ ക്രോയേഷ്യയെ തകർത്ത് ലോകകപ്പ് ഫൈനലിൽ സ്ഥാനം പിടിച്ച് അര്ജന്റീന. സൂപ്പർ താരം ലയണൽ മെസ്സി നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. അര്ജന്റീനക്ക് യുവ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടു ഗോളുകൾ നേടി. പെനാൽറ്റിയിൽ നിന്നും ലയണൽ മെസ്സിയാണ് അർജന്റീനയുടെ ഗോൾ സ്കോറിങ്ങിന് തുടക്കമിട്ടത്.
മത്സരത്തിൽ തുടക്കം മുതൽ ക്രോയേഷ്യയാണ് പന്ത് കൈവശം വെച്ചത്.ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതല്‍ പന്തടക്കം കാണിച്ചത്. 25-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചര്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തട്ടിയകറ്റി.32 ആം മിനുട്ടിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി റഫറി പെനാൽറ്റി വിധിച്ചു.ജൂലിയൻ അൽവാരസിനെ ഗോളി ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത മെസി മനോഹരമായി വലയിലാക്കി സ്കോർ 1 -0 ആക്കി ഉയർത്തി. ഖത്തറിലെ മെസ്സിയുടെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.
ഈ ഗോളോടെ ബാറ്റിസ്റ്റൂട്ടയെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന അര്ജന്റീന താരമായി മെസ്സി മാറി. 11 ഗോളുകളാണ് മെസ്സിയുടെ പേരിൽ വേൾഡ് കപ്പിലുള്ളത്. 39 ആം മിനുട്ടിൽ ജൂലിയൻ അൽവാരസ്അർജന്റീനയ്ക്ക് രണ്ടാം ഗോൾ നേടി. ഒരു കൌണ്ടർ അറ്റാക്കിൽ നിന്നും ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ താരം ക്രോയേഷ്യൻ ഡിഫെൻഡർമാരെയും ഗോൾകീപ്പറെയും മറികടന്ന് മനോഹരമായി വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി.പിന്നാലെ 42-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഹെഡ്ഡര്‍ അവിശ്വസനീയമാം വിധം ലിവാകോവിച്ച് തട്ടിയകറ്റി.
രണ്ടാം പകുതിയിലും അർജന്റീനയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.57 ആം മിനുട്ടിൽ മെസ്സിയുടെ മികച്ചൊരു ഷോട്ട് ക്രോയേഷ്യൻ കീപ്പർ ലിവാകോവിച്ച് തട്ടിയകറ്റി. 62 ആം മിനുട്ടിൽ ക്രോയേഷ്യക്ക് തിരിച്ചടിക്കാൻ അവസരം ലഭിച്ചെങ്കിലും ഡെജൻ ലോവ്രെന്റെ ഹെഡ്ഡർ ഗോളായി മാറിയില്ല. 70 ആം മിനുട്ടിൽ ഫൈനലുറപ്പിച്ചുകൊണ്ട് അര്ജന്റീന മൂന്നാമത്തെ ഗോൾ നേടി. വലതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ മെസ്സി ക്രോയേഷ്യൻ ഡിഫെൻഡൻറെ മറികടന്നു ജൂലിയൻ അൽവാരസിന് കൈമാറി മികച്ചൊരു ഫിനിഷിംഗിലൂടെ താരം അത് വലയിലാക്കി.
72 ആം മിനുട്ടിൽ പെരിസിച്ചിന്റെ ഫ്രീകിക്ക് അര്ജന്റീന കീപ്പർ എമിലിയാനോ മാർട്ടിനെസ് അനായാസം കയ്യിലൊതുക്കി. 74 ആം മിനുട്ടിൽ പോളോ ഡിബാലയെ കളത്തിലിറക്കി പരിശീലകൻ സ്കെലോണി. 81 ആം മിനുട്ടിൽ ക്രോയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിനെ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തു. 83 ആം മിനുട്ടിൽ അലക്സിസ് മാക് അലിസ്റ്ററിന്റെ മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി.