ലയണൽ മെസ്സിയുടെ പ്രകടനത്തെക്കുറിച്ച് അർജന്റീന പരിശീലകൻ സ്കലോനി പറയുന്നത്
ഇന്ന് നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ഹോണ്ടുറാസിനെതിരെ മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്. ഈ മൂന്നു ഗോളുകളിൽ രണ്ടു ഗോളും നേടിയത് ലയണൽ മെസ്സിയായിരുന്നു. ഒരു ഗോൾ ലൗറ്ററോയുടെ വകയായിരുന്നു.
മത്സരത്തിൽ ഉജ്ജ്വലപ്രകടനമാണ് ലിയോ മെസ്സി പുറത്തെടുത്തിട്ടുള്ളത്. ആദ്യപകുതി അവസാനിക്കുന്നതിനു മുന്നേ പെനാൽറ്റിയിലൂടെയാണ് മെസ്സി ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിലാണ് അതിമനോഹരമായ ഗോൾ സ്വന്തമാക്കിയത്. ബോക്സിന് പുറത്തുനിന്ന് ഒരു ഫസ്റ്റ് ടൈം ചിപിലൂടെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്.ആ ബോൾ ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ വലയിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു. ഗോളുകൾക്ക് പുറമേ മത്സരത്തിൽ നിറഞ്ഞു കളിക്കാനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
ഏതായാലും ഈ മത്സരത്തിനുശേഷം ലിയോ മെസ്സിയെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ഒന്ന് പ്രശംസിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി എത്രത്തോളം ആസ്വദിക്കുന്നുവോ അത്രയധികം ഞങ്ങളും ആസ്വദിക്കുന്നു എന്നാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌കലോണി പറയുന്നു..
‘ ലയണൽ മെസ്സി എത്രത്തോളം ആസ്വദിക്കുന്നുവോ അത്രത്തോളം ഞങ്ങളും ആസ്വദിക്കുന്നുണ്ട്. ആളുകൾ എല്ലാവരും ഓരോ മത്സരവും നന്നായി ആസ്വദിക്കുന്നുണ്ട്.അതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. വരുന്ന ഖത്തർ വേൾഡ് കപ്പിലേക്ക് എങ്ങനെ എത്തണം, എങ്ങനെ കളിക്കണം എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്. ഇന്നത്തെ മത്സരത്തിൽ ഞങ്ങൾക്ക് എളുപ്പമുള്ള എതിരാളികളായിരുന്നില്ല.എങ്ങനെയാണ് ഓരോ മത്സരത്തെയും സമീപിക്കുന്നത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ മെസ്സിയെക്കുറിച്ചും ടീമിനെക്കുറിച്ചും പറഞ്ഞിട്ടുള്ളത്.
🗣 Lionel Scaloni: “The more Messi enjoys, the more we all enjoy.” 🇦🇷 pic.twitter.com/27nrrU1zJo
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 24, 2022
മെസ്സി ഇപ്പോൾ അർജന്റീനയുടെ ജേഴ്സിയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ 5 ഗോളുകൾ നേടിയതിന് പിന്നാലെയാണ് ഈ മത്സരത്തിൽ രണ്ടു ഗോളുകളും മെസ്സി നേടിയിട്ടുള്ളത്. ഇതോടുകൂടി അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടി 88 ഗോളുകൾ പൂർത്തിയാക്കാനും മെസ്സിക്ക് സാധിച്ചിട്ടുണ്ട്.