❝അവരുടെ പക്കൽ ഒരുപാട് ആയുധങ്ങളുണ്ട്, അവർ ഇപ്പോൾ ഒരു കുടുംബം പോലെ❞- അർജന്റീനയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് ബുസ്ക്കറ്റ്സ്
ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ കോപ്പ അമേരിക്ക കിരീട ജേതാക്കളായ അർജന്റീന നടത്തുന്നത്.34 മത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം അർജന്റീനക്ക് സാധിച്ചിരുന്നു.ഹോണ്ടുറാസിനെയെയായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്.ഇനി ജമൈക്കയാണ് അർജന്റീനയുടെ എതിരാളികൾ.
വരുന്ന നവംബർ മാസം അവസാനത്തിലാണ് ഖത്തർ വേൾഡ് കപ്പിന് ആരംഭം കുറിക്കുക. മുമ്പെങ്ങും കാണാത്ത വിധമുള്ള ശക്തിയോടെയും തയ്യാറെടുപ്പോടെയുമാണ് അർജന്റീന ഈ വേൾഡ് കപ്പിന് എത്തുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ ഇത്തവണത്തെ വേൾഡ് കപ്പിലുണ്ട്. കിരീട സാധ്യതയുള്ള ടീമുകളിൽ ഇടം നേടാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സ്പാനിഷ് നായകനായ സെർജിയോ ബുസ്ക്കെറ്റ്സ് അർജന്റീനയെ വാഴ്ത്തിയിട്ടുണ്ട്. ഒരുപാട് ആയുധങ്ങൾ അർജന്റീനയുടെ കൈവശമുണ്ടെന്നും അവർ ശരിക്കും ഒരു കുടുംബം തന്നെയാണ് എന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ സ്വിറ്റ്സർലാന്റിനെതിരെയുള്ള മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ വരുന്ന ഖത്തർ വേൾഡ് കപ്പിന് ഒരു മികച്ച ടീമുമായാണ് അർജന്റീന എത്തുക. അവരുടെ പക്കൽ ഒരുപാട് ആയുധങ്ങളുണ്ട്. മാത്രമല്ല ഇപ്പോൾ ശരിക്കും അവർ ഒരു കുടുംബം പോലെയാണ് ‘ ഇതാണ് ബാഴ്സയുടെ സൂപ്പർതാരം കൂടിയായ സെർജിയോ ബുസ്ക്കെറ്റ്സ് പറഞ്ഞത്.
🗣 Sergio Busquets to @SC_ESPN: “Argentina have armed a great group for the World Cup, they’re like true family.” 🛡🇪🇸
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 24, 2022
ഓരോ മത്സരം കഴിയുന്തോറും അർജന്റീന താരങ്ങൾ തമ്മിലുള്ള ഒത്തിണക്കവും പരസ്പര ധാരണയും വർദ്ധിച്ചു വരുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. വേൾഡ് കപ്പിലും ഈ മികവ് അർജന്റീന തുടരുമെന്നാണ് ആരാധക പ്രതീക്ഷകൾ.സൗദി അറേബ്യ,മെക്സിക്കോ,പോളണ്ട് എന്നിവരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന വേൾഡ് കപ്പിൽ നേരിടുക.