പുതിയ പരിശീലകനു കീഴിൽ മാൻ ഓഫ് ദി മാച്ച് പ്രകടനവുമായി അർജന്റീന താരം എൻസോ ഫെർണാണ്ടസ്
ചെൽസിയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന സീസണാണ് കടന്നു പോകുന്നത്. ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ തുക വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കിയെങ്കിലും നിലവിൽ പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ടീം നിൽക്കുന്നത്. അതിനിടയിൽ രണ്ടു പരിശീലകർ ചെൽസിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.
സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ നിന്നും തോമസ് ടുഷെൽ പുറത്താക്കപ്പെട്ടപ്പോൾ അതിനു പിന്നാലെ സ്ഥാനമേറ്റെടുത്ത മുൻ ബ്രൈറ്റൻ പരിശീലകൻ ഗ്രഹാം പോട്ടറെ കഴിഞ്ഞ ദിവസമാണ് ക്ലബ് പുറത്താക്കിയത്. നിലവിൽ താൽക്കാലിക പരിശീലകനായ ബ്രൂണോ സാൾട്ടറാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കീഴിൽ ആദ്യത്തെ മത്സരം ടീം കളിക്കുകയും ചെയ്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെയാണ് സാൾട്ടറിനു കീഴിൽ ചെൽസി ആദ്യമായി ഇറങ്ങിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തി സമനില നേടിയെടുക്കാൻ ചെൽസിക്ക് കഴിഞ്ഞു. ചെൽസിക്ക് വേണ്ടി ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ എൻസോ ഫെർണാണ്ടസാണ് മികച്ച പ്രകടനം നടത്തിയത്.
മത്സരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച താരം എൺപത്തിയഞ്ചു ശതമാനം കൃത്യതയോടെ പാസുകൾ പൂർത്തിയാക്കി. പത്തൊൻപതു പാസുകൾ ഫൈനൽ തേർഡിലേക്ക് നൽകിയ താരം പന്ത്രണ്ടു തവണ ടീമിനായി പന്ത് വീണ്ടെടുത്ത്. മത്സരത്തിൽ സ്കൈ സ്പോർട്ട്സിന്റെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത് എൻസോ ഫെര്ണാണ്ടസിനെയായിരുന്നു
⭐️ Player of the Match, @ChelseaFC's Enzo Fernandez
— Sky Sports Statto (@SkySportsStatto) April 4, 2023
98 touches
76/88 passes completed
19 passes in final third
12x possession won
Won all 4 duels
1 shot pic.twitter.com/ZSJpSoZxQx
എൻസോയും ചെൽസിയും ഭേദപ്പെട്ട പ്രകടനം നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷയാണ്. അടുത്ത മത്സരത്തിൽ വോൾവ്സിനെ നേരിടുന്ന ചെൽസി അതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ കളിക്കും. ഈ സീസണിൽ നേടാൻ കഴിയുന്ന ഒരേയൊരു കിരീടത്തിനായി ചെൽസി ഏറ്റവും ആത്മാർത്ഥമായി കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.