ബ്രസീലിയൻ താരങ്ങൾക്ക് മുന്നിൽ അർജന്റീന താരം, ഫിഫ ബെസ്റ്റ് അവാർഡിനെ കളിയാക്കി തിയാഗോ സിൽവ

ഫിഫ ബെസ്റ്റ് അവാർഡുകളുടെ പ്രഖ്യാപനം കഴിഞ്ഞപ്പോൾ അതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. അർജന്റീന താരങ്ങൾ അവാർഡുകൾ തൂത്തു വാരിയിരുന്നു. ലയണൽ മെസി മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ മികച്ച പരിശീലകനുള്ള അവാർഡ് ലയണൽ സ്‌കലോണിയും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം എമിലിയാനോ മാർട്ടിനസും നേടിയിരുന്നു.

അവാർഡുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങളെ കളിയാക്കി രംഗത്തു വന്ന ഒരാൾ ബ്രസീലിയൻ താരം തിയാഗോ സിൽവയാണ്. ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയർ, നെയ്‌മർ എന്നിവർക്ക് മുകളിൽ അർജന്റീന താരം ഹൂലിയൻ അൽവാരസ് സ്ഥാനം പിടിച്ചതിനെയാണ് തിയാഗോ സിൽവ ഇൻസ്റ്റാഗ്രാമിൽ ഒരു കമന്റിലൂടെ കളിയാക്കിയത്.

ഒരു ഇൻസ്റ്റാഗ്രാം പേജിൽ അൽവാരസിനെ കുറിച്ച് വന്ന പോസ്റ്റ് മാഞ്ചസ്റ്റർ സിറ്റിയിൽ ബെഞ്ചിലും അർജന്റീനയിൽ പകരക്കാരനുമായ താരത്തിന് ഫിഫ ബെസ്റ്റിൽ ഏഴാം സ്ഥാനമെന്നായിരുന്നു. ആകെ സ്ഥിരമായി കളിച്ചിട്ടുള്ള ക്ലബ് റിവർപ്ലേറ്റ് ആണെന്നും പോസ്റ്റ് പറയുന്നു. അതിനു മറുപടിയായി അവാർഡുകൾ വെറും തമാശയാണെന്നാണ് തിയാഗോ സിൽവ കുറിച്ചത്.

ബ്രസീൽ നായകനെന്ന നിലയിൽ തിയാഗോ സിൽവ ഫിഫ ബെസ്റ്റ് അവാർഡിന് വോട്ട് ചെയ്‌തിരുന്നു. നെയ്‌മർക്ക് ആദ്യത്തെ വോട്ടും മെസിക്ക് രണ്ടാം വോട്ടും ബെൻസീമക്ക് മൂന്നാം വോട്ടും നൽകിയ താരം കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ വിനീഷ്യസിനെ തഴഞ്ഞുവെന്നത് അവിശ്വസനീയമായ കാര്യം തന്നെയാണ്.

തിയാഗോ സിൽവ വോട്ടു ചെയ്‌ത നെയ്‌മർ അൽവാരസിനും പിന്നിൽ ഒൻപതാം സ്ഥാനത്താണ് വന്നത്, വിനീഷ്യസ് പന്ത്രണ്ടാം സ്ഥാനത്തും എത്തി. ലോകകപ്പിൽ അർജന്റീനയുടെ സെക്കൻഡ് ടോപ് സ്കോററായിരുന്നു അൽവാരസ്. ലോകകപ്പ് നേട്ടമാണ് അവാർഡിന് പരിഗണിച്ചതെന്നു തന്നെയാണ് കരുതേണ്ടത്.