അർജന്റീന താരങ്ങൾ തിളങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റു, ടോപ് ഫോർ ഭീഷണിയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ ടോപ് ഫോർ മോഹങ്ങൾക്ക് ഭീഷണിയായി കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടി ബ്രൈറ്റൻ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റി ഗോളിലാണ് ബ്രൈറ്റൻ വിജയം സ്വന്തമാക്കിയത്. അർജന്റീന താരം അലക്‌സിസ് മാക് അലിസ്റ്ററാണ് ബ്രൈറ്റണു വേണ്ടി മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്.

മത്സരത്തിന് മുൻപേ മാക് അലിസ്റ്ററെ കളിയാക്കുന്ന തരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എഫ്എ കപ്പ് സെമി ഫൈനലിൽ റാഷ്‌ഫോഡ് അർജന്റീന താരത്തെ നട്ട്മെഗ് ചെയ്യുന്ന വീഡിയോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോസ്റ്റ് ചെയ്‌തത്‌. എന്നാൽ അതിനു കളിക്കളത്തിൽ ഗംഭീര പ്രകടനത്തോടെ മറുപടി നൽകാൻ മാക് അലിസ്റ്റർക്ക് കഴിയുകയും ചെയ്‌തു.

മത്സരത്തിൽ ബ്രൈറ്റണിന്റെ താരം അലിസ്റ്റർ തന്നെയായിരുന്നു. ,മുഴുവൻ സമയവും കളിച്ച താരം പൈവറ്റ് പൊസിഷനിൽ ഇറങ്ങി മൂന്നു കീ പാസുകളാണ് നൽകിയത്. അതിനു പുറമെ ടീമിന്റെ പ്രതിരോധത്തെ വളരെയധികം സഹായിക്കുകയും ചെയ്‌തു. ഇഞ്ചുറി ടൈമിൽ നിർണായകമായ പെനാൽറ്റി സമ്മർദ്ദമില്ലാതെ ലക്ഷ്യത്തിലെത്തിച്ച് ടീമിന് വിജയം നൽകാനും താരത്തിന് കഴിഞ്ഞു.

അലിസ്റ്റർക്ക് പുറമെ മറ്റൊരു അർജന്റീന താരമായ ഫാക്കുണ്ടോ ബുവണനോട്ടയും മത്സരത്തിൽ തിളങ്ങിയിരുന്നു. അറുപത്തിമൂന്നാം മിനുട്ടിൽ പരിക്ക് കാരണം പിൻവലിക്കപ്പെടുന്നത് വരെ തിളക്കമാർന്ന പ്രകടനം നടത്തിയ പതിനെട്ടുകാരൻ ടീമിൽ വലിയൊരു ഭാവിയുണ്ടെന്ന് വ്യക്തമാക്കി. താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചില്ലായിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ പിന്നിലായിരുന്നു.

ബ്രൈറ്റൻ വിജയം നേടിയെങ്കിലും 33 മത്സരങ്ങളിൽ നിന്നും 63 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമത് നിൽക്കുന്നു. ഒരു മത്സരം കൂടുതൽ കളിച്ച് 59 പോയിന്റുമായി ലിവർപൂൾ പിന്നിൽ നിൽക്കുമ്പോൾ 32 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി ബ്രൈറ്റൻ ആറാമതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനിയും തോൽവി വഴങ്ങിയാൽ അവരെ മറികടന്ന് ടോപ് ഫോറിലെത്താൻ ലിവർപൂളിന് സാധിക്കും.

Rate this post