ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ താരമാണ് അലക്സിസ് മാക് അലിസ്റ്റർ. തുടക്കത്തിൽ ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നില്ലെങ്കിലും അതിനു ശേഷം ടീമിലെ സ്ഥിരസാന്നിധ്യമായി മാറാൻ താരത്തിന് കഴിഞ്ഞു. പോളണ്ടിനെതിരെ ഒരു ഗോൾ നേടിയ താരം ഫൈനലിൽ ഡി മരിയ നേടിയ ഗോളിന് തുടക്കമിടുകയും അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണിന്റെ താരമാണ് മാക് അലിസ്റ്റർ. പ്രീമിയർ ലീഗ് ക്ലബിനായി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഈ സീസണിനപ്പുറം താരം ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ തന്നെ നിരവധി ഓഫറുകൾ ഉണ്ടായിരുന്ന താരത്തെ ടീമിൽ നിലനിർത്താമെന്ന പ്രതീക്ഷ ബ്രൈറ്റൻ നേതൃത്വത്തിനുമില്ല.
അർജന്റീനിയൻ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം മാക് അലിസ്റ്റാറിന്റെ പ്രതിനിധികൾ അടുത്ത് തന്നെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. താരത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂണിൽ താരം ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു നിൽക്കുന്ന ബ്രൈറ്റൻ എഴുപതു മില്യൺ യൂറോയാണ് അലിസ്റ്റർക്ക് വിലയിട്ടിരിക്കുന്നത്.
നിരവധി ക്ലബുകളാണ് മാക് അലിസ്റ്ററെ ലക്ഷ്യമിട്ടിരിക്കുന്നത്. ചെൽസി, ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റികോ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകൾക്കെല്ലാം ഇരുപത്തിനാലുകാരനായ താരത്തിൽ താൽപര്യമുണ്ട്. എന്നാൽ പ്രീമിയർ ലീഗിൽ തന്നെ തുടരുന്നതിനാണ് മാക് അലിസ്റ്റർ പരിഗണന നൽകുന്നതെന്നാണ് സൂചനകൾ.
(🌕) In these hours, Alexis Mac Allister’ representatives are traveling to England to negotiate for his future. He is expected to leave Brighton in the summer. @gastonedul 🚨🏴 pic.twitter.com/eIOCanSNOZ
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 16, 2023
2019ൽ ഏഴു മില്യൺ പൗണ്ടോളം നൽകിയാണ് മാക് അലിസ്റ്ററെ ബ്രൈറ്റൻ സ്വന്തമാക്കുന്നത്. അതിനു ശേഷം ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായി മാറിയ അലിസ്റ്റർ ക്ലബ് വിടാൻ തീരുമാനിച്ചാൽ താരത്തെ വാങ്ങിയതിന്റെ പത്തിരട്ടി തുകയാണ് ബ്രൈറ്റാണ് ലഭിക്കുക. എന്നാൽ ബ്രൈറ്റൻ പരിശീലകൻ ആഗ്രഹിക്കുന്നത് മാക് അലിസ്റ്റർ ടീമിനൊപ്പം തന്നെ തുടരണമെന്നാണ്.