ഇഞ്ചുറി ടൈമിൽ അർജന്റീന താരത്തിന്റെ കിടിലൻ ഗോൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പ് തുടരുന്നു

ഖത്തർ ലോകകപ്പിന് ശേഷം അസാമാന്യപ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞ ദിവസം നടന്ന എഫ്എ കപ്പ് മത്സരത്തിൽ വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. എഴുപത്തിയേഴാം മിനുട്ട് വരെ ഒരു ഗോളിന് പിന്നിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷമാണ് മൂന്നു ഗോളുകൾ തിരിച്ചടിച്ചത്.

സ്ഥിരം ഇലവനിൽ നിന്നും മാറ്റം വരുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവൻ ഇറക്കിയത്. ആദ്യപകുതിയിൽ രണ്ടു ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ലായിരുന്നു. ആദ്യപകുതിക്ക് ശേഷം അൻപത്തിനാലാം മിനുട്ടിൽ സൈദ് ബെഹ്‌റാമ മികച്ചൊരു ഗോളിലൂടെ വെസ്റ്റ് ഹാമിന്‌ മത്സരത്തിൽ ലീഡ് നേടിക്കൊടുത്തു.

അതിനു പിന്നാലെ പകരക്കാരനായിറങ്ങിയ കസമീറോ ഒരു ഗോൾ നേടിയെങ്കിലും വീഡിയോ പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്നു കണ്ടെത്തി. എഴുപത്തിയേഴാം മിനുട്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡ് താരം നായെഫ് അഗ്വേർഡ് വഴങ്ങിയ സെൽഫ് ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.

വിജയത്തിനായി പൊരുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഞ്ചുറി ടൈമിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ അർജന്റീന താരം ഗർനാച്ചോയുടെ മികച്ചൊരു കെർവിങ് ഷോട്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വെസ്റ്റ് ഹാം വരുത്തിയ പ്രതിരോധപ്പിഴവിൽ നിന്നും ഫ്രഡും ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

മത്സരത്തിൽ വിജയം നേടിയതോടെ മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്. കറബാവോ കപ്പ് സ്വന്തമാക്കിയ ടീമിന് ഇനി എഫ്എ കപ്പ്, പ്രീമിയർ ലീഗ് യൂറോപ്പ ലീഗ് കിരീടങ്ങൾ നേടാമെന്ന പ്രതീക്ഷയുണ്ട്. നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഈ മൂന്നു കിരീടങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയാലും അത്ഭുതമില്ല.

Rate this post