‘ലയണൽ മെസ്സിക്കൊപ്പം വേൾഡ് കപ്പ് നേടുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അർജന്റീന ആഗ്രഹിക്കുന്നു’: നിക്കോളാസ് ടാഗ്ലിയാഫിക്കോ |Qatar 2022

2022 ലെ ഫിഫ ലോകകപ്പിൽ തങ്ങളുടെ ഏറ്റവും വലിയ പ്രചോദനം ലയണൽ മെസ്സിയാണെന്ന് അർജന്റീന ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ. ലയണൽ മെസ്സിക്കൊപ്പം വേൾഡ് കപ്പ് നേടുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലാ ആൽബിസെലെസ്റ്റെ ആഗ്രഹിക്കുന്നു. ഖത്തറിൽ മെസ്സി അർജന്റീനക്ക് മികച്ച നായകനാണെന്നും കളിക്കളത്തിൽ അവർക്ക് ഒരു പ്രത്യേക നേട്ടം നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

4 വർഷം മുമ്പ് റഷ്യയിൽ നടന്ന റൗണ്ട് ഓഫ് 16 ൽ പുറത്തായ അർജന്റീനയ്ക്ക് ലോകകിരീടത്തിനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ഇനി രണ്ട് ജയങ്ങൾ മാത്രം. 2014-ൽ ലാ ആൽബിസെലെസ്റ്റെ ട്രോഫി നേടുന്നതിന് അടുത്തെത്തിയെങ്കിലും ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ടു.ഖത്തറിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി നേരിട്ടെങ്കിലും മെസ്സിയുടെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ അർജന്റീന അവസാന നാലിൽ ഇടംപിടിച്ചു. PSG താരം ഇതിനകം 4 ഗോളുകൾ നേടുകയും 2 അസിസ്റ്റുകൾ നൽകുകയും ചെയ്തു.5 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളായി അദ്ദേഹം തന്റെ നേട്ടം ഉയർത്തി.

35 കാരനായ മെസ്സി ഖത്തറിൽ അർജന്റീനയുടെ വിജയകരമായ കുതിപ്പിൽ നെടുംതൂണായി മാറി. കരുത്തരായ ഡച്ച് ടീമിനെതിരായ ക്വാർട്ടർ ഫൈനലിൽ, മെസ്സി മൊളിനയ്ക്ക് ഒരു തകർപ്പൻ അസിസ്റ്റ് നൽകുകയും അതിനെ തുടർന്ന് ഒരു ഗോളും നേടുകയും ചെയ്തു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ നിർണായക കിക്ക് വലയിലാക്കുകയും ചെയ്തു.2018-ലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ടാഗ്ലിയാഫിക്കോ ഖത്തറിൽ മെസ്സി എത്രമാത്രം പ്രചോദകനായിരുന്നുവെന്ന് പറഞ്ഞു.

“ലയണൽ മെസ്സി ഞങ്ങളുടെ ക്യാപ്റ്റനാണ്. അദ്ദേഹമാണ് ഞങ്ങളുടെ എല്ലാ വിധ ഊർജവും. ഞങ്ങളെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അദ്ദേഹം കളത്തിൽ ഉള്ളത് ടീമിന് ഒരുപാട് മുൻ‌തൂക്കം നൽകുന്നുണ്ട്. മെസ്സിയെ മുൻനിർത്തി ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്” ടാഗ്ലിയാഫിക്കോ പറഞ്ഞു.

“ലയണൽ സ്കെലോണി മികച്ച ഒരു കോച്ചാണ്. എതിരാളികൾക്കനുസരിച്ചു എങ്ങനെ താരങ്ങളെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. ഞങ്ങളുടെ ഫോർമേഷനും, കളി ശൈലിയും എല്ലാം മത്സരങ്ങൾക്കനുസരിച്ചാണ്” അര്ജന്റീന താരം പറഞ്ഞു.”2018 ലെ ക്രൊയേഷ്യ മത്സരം നടന്നിട്ട് നാലു വർഷം പിന്നിട്ടു. പക്ഷെ അവർ ഇപ്പോഴും അവസാനനാലിൽ ഇടം പിടിച്ചിട്ടുണ്ട്. അതിൽ നിന്നും അവരുടെ ക്വാളിറ്റി വ്യക്തമാകുന്നുണ്ട്”.

“നാലു വർഷം മുന്നേയുള്ള സ്‌ക്വാഡിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഞങ്ങൾക്കും വന്നിട്ടുണ്ട്. ആ മത്സരവുമായി താരതമ്യം ചെയ്യേണ്ട യാതൊരു ആവശ്യകതയും ഇന്നില്ല. ഞങ്ങൾക്ക് ഇപ്പോൾ ഒരുപാട് ആയുധങ്ങൾ കയ്യിലുണ്ട്. അവ ഉപയോഗിച്ച് എങ്ങനെ അവരെ പ്രഹരിക്കാം എന്നാണ് ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. മത്സരത്തിലെ അവസാന നിമിഷം വരെയും ഞങ്ങൾ പൊരുതും” ടാഗ്ലിയാഫിക്കോ പറഞ്ഞു.

Rate this post
ArgentinaFIFA world cupLionel MessiQatar2022