അൽ നസ്‌റിനെ പരിശീലിപ്പിക്കാനില്ല, ഓഫർ തള്ളി അർജന്റൈൻ പരിശീലകൻ

അൽ നസ്ർ ക്ലബ്ബിനെ പരിശീലിപ്പിക്കാനുള്ള ഓഫർ തള്ളിയെന്ന വെളിപ്പെടുത്തലുമായി അർജന്റൈൻ പരിശീലകൻ അന്റോണിയോ മൊഹമ്മദ്. നിലവിൽ മെക്‌സിക്കൻ ക്ലബായ പുമാസിന്റെ പരിശീലകനായ അദ്ദേഹത്തെ റൂഡി ഗാർസിയക്ക് പകരക്കാരനാവാൻ വേണ്ടിയാണ് അൽ നസ്ർ ബന്ധപ്പെട്ടത്. എന്നാൽ ഇപ്പോൾ ഓഫർ സ്വീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് റൂഡി ഗാർസിയയെ അൽ നസ്ർ പുറത്താക്കിയത്. ലീഗിൽ ടീം രണ്ടാം സ്ഥാനത്തേക്ക് വീണതിനെ തുടർന്നാണ് അദ്ദേഹം പുറത്തു പോയത്. ഇതോടെ പുതിയ നിരവധി പരിശീലകരെയും അൽ നസ്‌റിനെയും ചേർത്ത് അഭ്യൂഹങ്ങളുള്ള സാഹചര്യത്തിലാണ് അന്റോണിയോ മൊഹമ്മദ് തനിക്കും ഓഫർ വന്നിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

“നാല് തവണ ഞാൻ അൽ നസ്‌റുമായി സംസാരിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസം ഞാൻ എന്റെ ക്ലബിൽ എത്തിയപ്പോൾ സൗദി ക്ലബിന്റെ സിഇഒയുടെ ഫോൺ വന്നു. റൂഡി ഗാർസ്യയുടെ പകരക്കാരനായി എന്നെ നിയമിക്കാൻ താത്പര്യപ്പെടുന്നു എന്നവർ പറഞ്ഞു, വമ്പൻ തുകയുടെ ഓഫറാണ് അവർ മുന്നോട്ടു വെച്ചത്.”

“എന്നാൽ തനിക്ക് പുമാസിനോട് കടപ്പാടുണ്ടെന്നും അവിടം വിടാൻ കഴിയില്ലെന്നും ഞാൻ അറിയിക്കുകയായിരുന്നു. അത് വിശ്വസ്ഥതയുടെ കൂടി പ്രശ്‌നമാണ്. ഒരു ടീമിന്റെ പരിശീലകനായിരിക്കെ മറ്റൊരു ടീമിലേക്ക് ഞാൻ ചേക്കേറില്ല. ഞാൻ പുമാസിൽ എത്തിയത് തന്നെ ഒരുപാട് ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്.” കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു.

അർജന്റീന ദേശീയ ടീമിന് വേണ്ടി നാല് മത്സരങ്ങൾ കളിച്ച് ഒരു ഗോൾ നേടിയിട്ടുള്ള അന്റോണിയോ മൊഹമ്മദ് നിരവധി ക്ളബുകളെ പരിശീലിപ്പിച്ചതിനു ശേഷമാണ് ഡാനി അൽവസ് അവസാനം കളിച്ച ക്ലബ് കൂടിയായ പുമാസിൽ എത്തിയത്. എന്നാൽ അദ്ദേഹത്തിന് കീഴിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ് ടീം നിൽക്കുന്നത്.

Rate this post