മെസിയെയും റൊണാൾഡോയെയും പരിശീലിപ്പിക്കുന്ന ആദ്യത്തെ മാനേജറാകാൻ അർജന്റൈൻ പരിശീലകൻ

ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പരിശീലിപ്പിക്കുന്ന ആദ്യത്തെ മാനേജരാകാൻ അർജന്റീനിയൻ പരിശീലകൻ. ലയണൽ മെസിയെ ബാഴ്‌സലോണ ടീമിലും അർജന്റീന ദേശീയ ടീമിലും പരിശീലിപ്പിച്ചിട്ടുള്ള ജെറാർഡോ ടാറ്റ മാർട്ടിനോയാണ് അപൂർവമായ നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. മെസിയുടെ ബാല്യകാല ക്ലബായ നേവൽസ് ഓൾഡ് ബോയ്‌സിന്റെയും മുൻ പരിശീലകനാണ് ഇദ്ദേഹം.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അൽ നസ്ർ അവരുടെ പരിശീലകനായിരുന്ന റൂഡി ഗാർസിയയെ പുറത്താക്കുന്നത്. നിലവിൽ താൽക്കാലിക പരിശീലകനായി യൂത്ത് ടീമിന്റെ മാനേജർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും സ്ഥിരം പരിശീലകനെ തേടുകയാണ് ടീം. ഇതിനിടയിലാണ് ടാറ്റ മാർട്ടിനോയുടെ പേരും ഉയർന്നു വരുന്നത്.

ഇഎസ്‌പിഎൻ ജേർണലിസ്റ്റാണ് ടാറ്റ മാർട്ടിനോയെ അൽ നസ്ർ ലക്ഷ്യമിടുന്നുണ്ടെന്നു റിപ്പോർട്ടു ചെയ്‌തത്‌. നേരത്തെ സിനദിൻ സിദാൻ, മൗറീന്യോ തുടങ്ങി യൂറോപ്പിലെ വമ്പൻ പരിശീലകരുടെ പേരുകളാണ് ഉയർന്നു കേട്ടിരുന്നതെങ്കിലും അവരൊന്നും ഓഫർ സ്വീകരിക്കാത്തതിനെ തുടർന്നാണ് ടാറ്റ മാർട്ടിനോയിലേക്ക് തിരിഞ്ഞതെന്നു വേണം കരുതാൻ.

ടാറ്റ മാർട്ടിനോ അവസാനമായി പരിശീലിപ്പിച്ചത് മെക്സിക്കോ ദേശീയ ടീമിനെയായിരുന്നു. ഖത്തർ ലോകകപ്പിൽ നിന്നും ടീം പുറത്തായതിന് പിന്നാലെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. നിലവിൽ ഫ്രീ ഏജന്റായതിനാൽ തന്നെ അൽ നസ്‌റിന്റെ ഓഫർ അദ്ദേഹം സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും അതിൽ ചെറിയ സങ്കീർണതകളുമുണ്ട്..

മെസിയുമായി വളരെ അടുത്ത ബന്ധമുള്ള ഒരു പരിശീലകൻ തന്നെ പരിശീലിപ്പിക്കാനെത്തുന്നത് റൊണാൾഡോ എങ്ങിനെ എടുക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. റൂഡി ഗാർഷ്യയെ തന്നെ പുറത്താക്കിയത് റൊണാൾഡോയുമായി അകൽച്ച ഉണ്ടായത് കൊണ്ടാണെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ മാർട്ടിനോ ഓഫർ പരിഗണിക്കുന്നത് ഒന്ന് കരുതിതന്നെയാകും.