16 ദിവസത്തിനിടെ 15 ഗോളുകൾ, ചിറകടിച്ചുയർന്ന് ലോക ചാമ്പ്യന്മാർ.
ഖത്തർ വേൾഡ് കപ്പിൽ അസാധാരണമായ പ്രകടനം നടത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. അർജന്റീനയുടെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയതോടുകൂടിയാണ് കിരീടം അർജന്റീനയിൽ എത്തിയത്.വേൾഡ് കപ്പ് കഴിഞ്ഞതിനുശേഷം തങ്ങളുടെ ക്ലബ്ബുകളിൽ എത്തിയ ഒട്ടുമിക്ക താരങ്ങളും വേൾഡ് കപ്പിലെ മികവ് തുടരുകയും ചെയ്തിരുന്നു.
യൂറോപ്പിൽ അർജന്റീന താരങ്ങൾ ഇപ്പോൾ ഗോളടിച്ചു തിമിർക്കുകയാണ്. കഴിഞ്ഞ ദിവസം പൗലോ ഡിബാലയുടെ ഇരട്ട ഗോളുകൾ നാം കണ്ടു. വേൾഡ് കപ്പിൽ കളിച്ച താരങ്ങളിൽ പലരും ഇപ്പോൾ തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി ഗോളുകൾ നേടുന്നുണ്ട്. 16 ദിവസത്തിനിടെ 15 ഗോളുകൾ നേടി കൊണ്ടാണ് ലോക ചാമ്പ്യന്മാർ വീണ്ടും തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുന്നത്.
ഡിസംബർ 31 തീയതി വലൻസിയക്കെതിരെ നടന്ന മത്സരത്തിൽ വിയ്യാറയലിന് വേണ്ടി അർജന്റീന താരമായ യുവാൻ ഫോയ്ത്ത് ഗോൾ കണ്ടെത്തിയിരുന്നു. ജനുവരി ഏഴാം തീയതി എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ ബ്രയിറ്റണ് വേണ്ടി മിഡിൽസ്‌ബ്രോക്കെതിരെ രണ്ട് ഗോളുകൾ നേടാൻ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് സാധിച്ചു.
ഏഴാം തീയതി മോൻസക്കെതിരെ നടന്ന മത്സരത്തിൽ ഇന്റർ മിലാന് ലൗറ്ററോ ഒരു ഗോൾ കണ്ടെത്തിയിരുന്നു. അതിനുശേഷം പാർമക്കെതിരെ നടന്ന മത്സരത്തിലും ഹെല്ലസ് വെറോണക്കെതിരെ നടന്ന മത്സരത്തിലും ലൗറ്ററോ ഗോൾ കണ്ടെത്തി.എഫ്എ കപ്പിൽ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടാൻ ഹൂലിയൻ ആൽവരസിന് സാധിച്ചിരുന്നു.
സെവിയ്യക്ക് വേണ്ടി ഗെറ്റാഫെക്കെതിരെ മാർക്കോസ് അക്കൂന ഗോൾ നേടിയിരുന്നു. ജനുവരി പത്താം തീയതി നടന്ന മത്സരത്തിൽ എൻസോ ഫെർണാണ്ടസ് ബെൻഫിക്കക്ക് വേണ്ടി ഗോൾ നേടിക്കൊണ്ടാണ് തിരിച്ചെത്തിയത്. ജനുവരി പതിനൊന്നാം തീയതി ആങ്കേഴ്സിനെതിരെയുള്ള മത്സരത്തിൽ ലയണൽ മെസ്സിയും പിഎസ്ജിക്ക് വേണ്ടി ഗോൾ നേടി കൊണ്ട് തിരിച്ചെത്തി.
വേൾഡ് കപ്പ് ഫൈനലിൽ ഗോൾ നേടിയിട്ടുള്ള ഡി മരിയ നാപ്പോളിക്കെതിരെ യുവന്റസിന് വേണ്ടി ഗോൾ സ്വന്തമാക്കിയിരുന്നു. കൂടാതെ അർജന്റീനയുടെ മറ്റൊരു മുന്നേറ്റ നിര താരമായ എയ്ഞ്ചൽ കൊറേയ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയും ഗോൾ നേടുന്ന കാഴ്ച നാം കണ്ടു.വേൾഡ് കപ്പിന് ശേഷം തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി ഗോളുകൾ നേടിയിട്ടുള്ള ലോക ചാമ്പ്യന്മാർ ആണ് ഇവർ.വേൾഡ് കപ്പ് ടീമിൽ ഇല്ലാത്ത ഒരു പിടി അർജന്റീന താരങ്ങളും തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി ഇപ്പോൾ ഗോളടിച്ചു കൂട്ടുന്നുണ്ട്.