ലയണൽ മെസ്സി ഇനി യൂറോപ്പിലുണ്ടാകില്ലെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അർജന്റീനിയൻ ജേർണലിസ്റ്റ് |Lionel Messi

ലയണൽ മെസിയെ സംബന്ധിച്ച് വലിയ നിരാശയാണ് പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് പുറത്താകൽ സമ്മാനിച്ചത്. ഖത്തർ ലോകകപ്പിൽ കിരീടം നേടി തന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിനു അറുതി വരുത്തുന്നതു കൂടിയായിരുന്നു ഈ പുറത്താകൽ. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മെസി കാണാതിരിക്കുന്നത്.

പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ ലയണൽ മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നിരുന്നു. ഈ സീസണിന് ശേഷം യൂറോപ്പിലെ തന്റെ കളിയവസാനിപ്പിക്കുന്ന ലയണൽ മെസി അമേരിക്ക ലീഗിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കുമ്പോൾ ലയണൽ മെസി യൂറോപ്പിൽ തന്നെ തുടരുമെന്നാണ് അർജന്റീനയുമായി ബന്ധപ്പെട്ട വിശ്വസ്‌തനായ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുൽ വെളിപ്പെടുത്തിയത്.

“ഇത് ലയണൽ മെസിയുടെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് മത്സരമാകില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. സോഷ്യൽ മീഡിയയിൽ പല സ്ഥലങ്ങളിലും ഇത് മെസിയുടെ അവസാനത്തെ ചാമ്പ്യൻസ് ലീഗാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ അതങ്ങിനെയല്ല. മെസി അടുത്ത ചാമ്പ്യൻസ് ലീഗിലും കളിക്കുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. താരം യൂറോപ്പിൽ തന്നെ തുടരും.” അർജന്റീനിയൻ ജേർണലിസ്റ്റ് പറഞ്ഞു.

ലയണൽ മെസി നിലവിൽ യൂറോപ്പ് വിടാനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം നടത്താൻ യൂറോപ്പാണ് ഏറ്റവും നല്ലതെന്നിരിക്കെ താരം അവിടെത്തന്നെ തുടരാനാവും തീരുമാനിക്കുക. എന്നാൽ പിഎസ്‌ജി വിടുകയാണെങ്കിൽ ലയണൽ മെസി ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ വ്യക്തതയില്ല. മുൻ ക്ലബായ ബാഴ്‌സലോണയ്ക്ക് ലയണൽ മെസിയെ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാൽ താരം അവിടേക്ക് ചേക്കേറുമെന്ന് ഉറപ്പിക്കാനാവില്ല.

5/5 - (1 vote)
Lionel Messi