അർജന്റീനിയൻ ലീഗിലെ ഗോൾവേട്ടക്കാരൻ ഇറ്റാലിയൻ ദേശീയടീമിൽ, അർജന്റീനയുടെ നഷ്‌ടം

കഴിഞ്ഞ യൂറോ കപ്പ് മികച്ച പ്രകടനം നടത്തി സ്വന്തമാക്കിയ ഇറ്റലി ലോകഫുട്ബോളിൽ വമ്പൻ തിരിച്ചുവരവ് നടത്തിയെങ്കിലും അതിനു ശേഷം അവർ വീണ്ടും പുറകോട്ടു പോയി. യൂറോ കപ്പ് നേടിയ ടീമിന് അതിനു ശേഷം ലോകകപ്പിന് യോഗ്യത നേടാനായില്ല. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ഇറ്റലി ലോകകപ്പ് നേടാനാവാതെ പുറത്താകുന്നത്.

എന്നാൽ ആ തിരിച്ചടികളിൽ നിന്നും കരകയറാൻ വേണ്ടി അടുത്ത യൂറോ കപ്പിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനാണ് ഇറ്റലി ഒരുങ്ങുന്നത്. ഈ മാസം നടക്കുന്ന യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പരിശീലകൻ മാൻസിനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനെയാണ് ഇറ്റലി ആദ്യം നേരിടുന്നത്.

ഇറ്റാലിയൻ ദേശീയ ടീം പ്രഖ്യാപിച്ചപ്പോൾ അതിലൊരു അർജന്റീന താരവും ഉൾപ്പെട്ടിട്ടുണ്ട്. അർജന്റീനയിൽ ജനിച്ച്, അർജന്റീന യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള മാറ്റിയോ റെറ്റെഗുയ് ആണ് ഇറ്റലിയുടെ ടീമിലുള്ളത്. അർജന്റീനിയൻ ക്ലബായ ടൈഗ്രയിൽ കളിക്കുന്ന ഇരുപത്തിമൂന്നുകാരനായ താരം നിലവിൽ ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.

ഈ മാസം നടക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള അർജന്റീന ടീം പ്രഖ്യാപിച്ചപ്പോൾ നിരവധി യുവതാരങ്ങൾക്ക് സ്‌കലോണി ഇടം നൽകിയെങ്കിലും റെറ്റെഗുയ് അതിലുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് താരത്തെ ഇറ്റാലിയൻ ദേശീയ ടീമിൽ മാൻസിനി ഉൾപ്പെടുത്തിയത്. ഇറ്റലിക്കായി താരം അരങ്ങേറിയാൽ അർജന്റീനക്ക് പിന്നെ താരത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ല.

അർജന്റീനയിൽ ജനിച്ച റെറ്റെഗുയുടെ അമ്മയുടെ വേരുകൾ ഇറ്റലിയിൽ ഉള്ളതിനാലാണ് താരത്തിന് പൗരത്വം ലഭിച്ചത്. ഇത്തരത്തിലുള്ള താരങ്ങളെ കണ്ടെത്താൻ ശ്രമിച്ചിരുന്ന ഇറ്റലി ലഭിച്ച അവസരം കൃത്യമായി മുതലെടുത്തു. മികച്ച സ്‌ട്രൈക്കർമാരില്ലാതെ ബുദ്ധിമുട്ടുന്ന ഇറ്റലിക്ക് താരത്തിന്റെ സാന്നിധ്യം വലിയ അനുഗ്രഹമാകുമ്പോൾ അർജന്റീനക്കതൊരു വലിയ നഷ്‌ടമാണ്‌.

Rate this post