ആഴ്‌സനലിനെ കരുതിയിരിക്കുക , നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ മൈക്കൽ അർട്ടെറ്റയുടെ കുട്ടികൾ |Arsenal
കഴിഞ്ഞ വർഷം ആഴ്‌സണൽ അവരുടെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റുകൊണ്ടാണ് തുടങ്ങിയത്, ഗോളുകളും പോയിന്റുകളുമില്ലാതെ അവർ ടേബിളിൽ താഴെയാവുകയും ചെയ്തു. ഇത് മൈക്കൽ അർട്ടെറ്റയുടെ മാനേജ്‌മെന്റിനെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതിനു കാരണമായി.എന്നാൽ ഒരു വർഷത്തിന് ശേഷം ഇന്നലെ രാത്രി ബോൺമൗത്തിനെതിരായ 3-0 ന് ഉജ്ജ്വലമായ വിജയത്തിന് ശേഷം അവർ പട്ടികയിൽ പോയിന്റ് ഒന്നാം സ്ഥാനത്താണ്.
ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിനും ലെസ്റ്റര്‍ സിറ്റിയെ 4-2നും വീഴ്ത്തിയാണ് ആഴ്‌സണൽ പ്രീമിയർ ലീഗ് തുടങ്ങിയത് .ഈ സീസണിൽ മുൻ വർഷങ്ങളിൽ നഷ്ടപെട്ട പലതും തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ആഴ്‌സണൽ. 2019 ഡിസംബറിൽ ബോൺമൗത്തിനെതിരെയായിരുന്നു അർടെറ്റയുടെ ചുമതലയുള്ള ആദ്യ ഗെയിം. അന്ന് 1 -1 സമനിലയിലുമായി ആഴ്‌സണൽ രക്ഷപെട്ടു. എന്നാൽ ഇന്നലെ മാർട്ടിൻ ഒഡെഗാഡിന്റെ ബ്രേസിലൂടെ 11 മിനിറ്റിനുള്ളിൽ തന്നെ മത്സരം കൈപ്പിടിയിലൊതുക്കി. ഹാഫ് ടൈമിന് ഒമ്പത് മിനിറ്റിന് ശേഷം വില്യം സാലിബ ലീഡ് ഉയർത്തി. സമ്പൂര്ണമായ ആധിപത്യം പുലർത്തിയാണ് ആഴ്‌സണൽ മത്സരം വിജയിച്ചത്.
ഒഡെഗാർഡ് ഓപ്പണിംഗ് ഗോൾ നേടിയെങ്കിലും തുടക്കത്തിൽ തന്നെ മത്സരം ആഴ്സണലിന് അനുകൂലമാക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത് ഗബ്രിയേൽ ജീസസിന്റെ പ്രകടനമാണ്. ഈ സീസണിൽ ആഴ്‌സനലിന്റെ പ്രകടനത്തിലുള്ള മാറ്റത്തിൽ ബ്രസീലിയൻ സ്‌ട്രൈക്കർക്ക് വഹിച്ച പങ്ക് വലുതാണ്. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ നേടിയ ബ്രസീലിയൻ നിരവധി അസിസ്റ്റുകൾ കൊടുക്കുകയും ചെയ്തു.കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ ആഴ്സണലിന്റെ ഏറ്റവും മികച്ച സൈനിങ്ങാ ആയാണ് ജീസസിനെ കണക്കാക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു വിങ്ങറുടെ റോളിൽ കളിച്ചിരുന്ന ജീസസ് ഒരു നമ്പർ 9 ആയി ആഴ്സണലിൽ എത്തിയപ്പോൾ കൂടുതൽ കരുത്തുറ്റ താരമായി മാറി. അത്പോലെ തന്നെ സിറ്റിയിൽ നിന്നുമെത്തിയെ സിന്‍ചെങ്കോയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ കുറെ വർഷമായി ആഴ്സണലിന് ഇല്ലതിരുന്ന പലതും പുതിയ താരങ്ങൾ എത്തിയതോടെ തിരിച്ചു കിട്ടിയിരിക്കുകയാണ്.കഴിഞ്ഞ സീസണുകളിൽ വലിയ വിലകൊടുത്ത് താരങ്ങൾ ടീമിലെത്തിച്ചെങ്കിലും അതിന്റെ ഫലമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ അതിൽ നിന്നെല്ലാം പാഠം പഠിച്ച അവർ വളരെയേറെ നിരീക്ഷങ്ങൾക്ക് ശേഷമാണ് ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങിയത്.
2016-17 സീസണിന് ശേഷം ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ടോപ് നാലിലെ സ്ഥാനം നേരിയ വ്യത്യാസത്തിലാണ് ആഴ്‌സണലിന് നഷ്ടമായത്. ആഴ്‌സണലിനെ വീഴ്ത്തി ടോട്ടനം ടോപ് 4ലേക്ക് എത്തി. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 5 കളിക്കാരെയാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. ഇതില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് എത്തിയ ഗബ്രിയേല്‍ ജെസ്യൂസ്, സിന്‍ചെങ്കോ എന്നിവരുടെ സാന്നിധ്യമാണ് നിര്‍ണായകമാവാന്‍ പോകുന്നത്. സീസണില്‍ തുടരെ മൂന്നു ജയവുമായാണ് ആഴ്‌സണല്‍ തുടങ്ങിയത്. ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കും എന്ന വാശിയിലാണ് അർട്ടെറ്റയും ആഴ്സണലും.പുതിയ കളിക്കാരെ സ്വന്തമാക്കിയത് വെച്ച് നോക്കുമ്പോള്‍ ആഴ്‌സണല്‍ ഈ സീസണില്‍ ടോപ് 4ലേക്ക് എത്തും. അതിലും വലിയ നേട്ടം അവര്‍ക്ക് സ്വന്തമാക്കാനും കിരീട പോരില്‍ വെല്ലുവിളി ഉയര്‍ത്താനും കഴിയും.