ഇനി വെങ്ങറാശാൻ കളി പഠിപ്പിക്കും; ആഴ്സൻ വെങ്ങർ ഇന്ത്യയിലേക്ക്

നീണ്ട 22 വർഷം പ്രിമിയർ ലീഗ് ക്ലബ്‌ ആഴ്സണലിനെ കളി പഠിപ്പിച്ച ആഴ്സൻ വെങ്ങർ ഇന്ത്യയിലേക്ക്. നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പമെന്റ് തലവനാണ് വെങ്ങർ. ഫിഫയുടെ കീഴിലുള്ള ഓരോ രാജ്യങ്ങളിലെ ഫുട്ബോൾ രംഗത്തെ വികസനത്തിനായുള്ള പുതിയ ആശയങ്ങളും നിർദേശങ്ങളും മുന്നോട്ട് വെയ്ക്കാനും അവ നടപ്പിലാക്കാനുമാണ് ഫിഫ ഈ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പ്മെന്റ് സംഘം രൂപീകരിച്ചത്.

ഇതിന്റെ തലവനായ വെങ്ങർ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യൻ ഫുട്ബോളിൽ ആശാന്റെ നിർദേശങ്ങളും ഉപദേശങ്ങളുമുണ്ടാകുമെന്നുറപ്പാണ്. വെങ്ങറെ പോലെ ഫുട്ബോളിൽ വലിയ ദീർഘ വീക്ഷണമുള്ള ഒരാളിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിന് പുതിയ ആശയങ്ങൾ ലഭിച്ചാൽ ഇന്ത്യൻ ഫുട്ബോളിലും വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ്.

ഈ വർഷം ഒക്ടോബറിലാണ് വെങ്ങർ ആശാൻ ഇന്ത്യയിൽ എത്തുക. ഇത് സംബന്ധിച്ച് എഐഎഫ്എഫ് അധികൃതരും വെങ്ങർ ആശാനും തമ്മിൽ ഇന്ന് സിഡ്‌നിയിൽ വെച്ച്‌ ദീർഘ നേരത്തേ ചർച്ച നടത്തിയതായി ഇന്ത്യൻ ഫുട്ബാൾ മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുല്ലോ റിപ്പോർട്ട്‌ ചെയ്തു. വെങ്ങർ ഒക്ടോബറിൽ ഇന്ത്യയിൽ എത്തുമെന്നും മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

സമീപ കാലത്തായി ഇന്ത്യൻ ഫുട്ബോൾ മുന്നേറ്റം ഉണ്ടാക്കുന്നെങ്കിലും ഇപ്പോഴും ഇന്ത്യയിലെ ഫുട്ബോൾ സിസ്റ്റം പൂർണമായും മികച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്. വെങ്ങർ ഇന്ത്യയിൽ എത്തുന്നത്തോടെ ഇന്ത്യൻ ഫുട്ബോൾ സമ്പ്രദായം വിപുലമാക്കാനുള്ള നിർദേശങ്ങളും ആശയങ്ങളും അദ്ദേഹം എഐഎഫ്എഫിന് നൽകും. ഇതോടെ ഇന്ത്യൻ ഫുട്ബോളിൽ ചെറിയ മാറ്റങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അതേ സമയം ഇന്ത്യയിലെത്തുന്ന വെങ്ങർ ആശാൻ ഐഎസ്എൽ മത്സരങ്ങൾ അടക്കം വീക്ഷിക്കാനെത്തുമെന്ന സൂചനകളുണ്ട്. എന്തായാലും ആശാന്റെ വരവ് ഇന്ത്യൻ ഫുട്ബോളിനെ ശെരിയായ രീതിയിലേക്ക് നയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

Rate this post