‘ഇതുപോലൊരു ഇരുപത്തിയഞ്ച് മിനിറ്റ് ഇനി കാണാൻ ആഗ്രഹിക്കുന്നില്ല’:ഇവാൻ വുകോമനോവിച്ച് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളിനാണ് മുംബൈ സിറ്റി കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.വെറും 25 മിനിറ്റിനുള്ളിൽ തന്നെ നാല് തവണ വലകുലുക്കിയാണ് മുംബൈ വിജയമുറപ്പിച്ചത്. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് ജോർജ് പെരേര ഡയസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗ്രെഗ് സ്റ്റുവർട്ടും ബിപിൻ സിങ്ങും ഐലൻഡേഴ്സിനായി ഓരോ ഗോൾ വീതം നേടി.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിന്റെ പ്രകടനത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.
“ആദ്യ ഇരുപത്തിയഞ്ചു മിനിറ്റിലാണ് എല്ലാ മാറ്റങ്ങളും സംഭവിച്ചത്. ഒരു ടീമെന്ന നിലയിൽ ഒരു കളിക്കാരനെന്ന നിലയിൽ ലീഗിലെ ഏറ്റവും മികച്ച ടീമിനെ നേരിടുമ്പോൾ കളി ആദ്യ നിമിഷം മുതൽ തന്നെ ആരംഭിക്കും എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഈ മത്സരത്തിലേക്ക് കടക്കാൻ ഞങ്ങൾക്ക് ഇരുപത്തിയഞ്ചു മിനിറ്റ് എടുത്തുവെന്നത് എന്നെ കുറച്ച് നിരാശനും ദേഷ്യമുള്ളവനും ആക്കി. എന്നാൽ ഇതുപോലുള്ള ടീമുകളെ അഭിമുഖീകരിക്കുമ്പോൾ അതിനു മുൻപേ കളിയിലേക്കെത്തണമായിരുന്നു.ഇന്നത്തെ മത്സരം തികച്ചും നിരാശാജനകമായിരുന്നു, കാരണം ഇതുപോലൊരു ഇരുപത്തിയഞ്ച് മിനിറ്റ് ഒരു പരിശീലകനെന്ന നിലയിൽ കാണാൻ ആഗ്രഹിക്കുന്നില്ല.” ഇവാൻ പറഞ്ഞു.
സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാി. എന്നാൽ അതൊരു ഒഴിവുകഴിവായി താൻ പറയില്ല എന്നാണ് ഇവാൻ വ്യക്തമാക്കുന്നത്. ലെസ്കോ കളിക്കാതരുന്നത് വേണമെങ്കിൽ ഒരു ഒഴിവുകഴിവായി പറയാം, പക്ഷെ ഞാനത് ചെയ്യില്ല, കാരണം ഇത് ഫുട്ബോളാണ്, ടീമിൽ വേറെ കളിക്കാരുമുണ്ട്, അതിനാൽ തന്നെ ഒരാൾ കളിച്ചില്ലെങ്കിൽ മറ്റൊരാൾ ആ റോൾ ഏറ്റെടുക്കേണ്ടതുണ്ട്, ഇവാൻ വ്യക്തമാക്കി.
നിർണായക വിജയത്തിൽ രണ്ട് ഗോളുകൾ നേടിയ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർജ് പെരേര ഡയസിന് ഹീറോ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചു. മൂന്നു പോയിന്റ് നേടി സീസണിലിതുവരെ മുപ്പത്തിമ്മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ മുംബൈ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമുയർന്നു. പത്ത് വിജയവും മൂന്ന് സമനിലയുമാണ് ഒൻപതാം സീസണിൽ മുംബൈയുടെ നേട്ടം. തോൽവി വഴങ്ങിയെങ്കിലും ഇരുപത്തിയഞ്ചു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഫെബ്രുവരി ഇരുപത്തിരണ്ടിന് എഫ്‌സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.