മെസ്സിയുടെ ഈ തകർപ്പൻ പ്രകടനത്തിന്റെ കാരണം വിശദീകരിച്ച് അഷ്‌റഫ് ഹക്കീമി.

കഴിഞ്ഞ സീസണിൽ പ്രകടനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട താരമാണ് ലയണൽ മെസ്സി.പിഎസ്ജിയിൽ അഡാപ്റ്റ് ചെയ്യാൻ പലവിധ കാരണങ്ങൾ കൊണ്ടും മെസ്സിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.എന്നിട്ടു പോലും മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു മെസ്സി കാഴ്ചവെച്ചിരുന്നത്.പക്ഷേ വിമർശനങ്ങൾക്ക് കുറവില്ലായിരുന്നു.

എന്നാൽ ഈ സീസണിൽ വിമർശനങ്ങൾക്കുള്ള ഒരു അവസരം പോലും നൽകാതെ മെസ്സി തിമിർത്താടുകയാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നു. ഇതോടെ ഈ സീസണിൽ ആകെ 15 ഗോളുകളും 12 അസിസ്റ്റുകളുമായി മെസ്സി മുൻപന്തിയിൽ തന്നെയുണ്ട്.

മെസ്സിയുടെ ഈ മികവിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് പിഎസ്ജി സൂപ്പർതാരമായ അഷ്‌റഫ് ഹക്കീമി പറഞ്ഞിട്ടുണ്ട്.രാജ്യത്തിനും ക്ലബ്ബിനും നേട്ടങ്ങൾ നേടിക്കൊടുക്കാൻ വേണ്ടി മെസ്സി വളരെയധികം മോട്ടിവേറ്റഡും ശ്രദ്ധാലുവുമാണ് എന്നാണ് ഹക്കീമി പറഞ്ഞിട്ടുള്ളത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ തന്റെ ക്ലബ്ബിനും രാജ്യത്തിനും ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാൻ വേണ്ടി ലയണൽ മെസ്സി വളരെയധികം മോട്ടിവേറ്റഡും ശ്രദ്ധാലുവുമാണ്.അതാണ് എനിക്ക് അദ്ദേഹത്തിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്. അദ്ദേഹം ഇപ്പോൾ മികച്ച ഫോമിലാണ്.ഈ സീസൺ മുഴുവനും അദ്ദേഹം ഈ ഒരു ഫോമിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട് ” ഹക്കീമി പറഞ്ഞു.

അർജന്റീന ആരാധകരെ സംബന്ധിച്ചിടത്തോളം അവർ ഖത്തർ വേൾഡ് കപ്പിലെ മെസ്സിയെയാണ് ഉറ്റുനോക്കുന്നത്. അർജന്റീനയുടെ നായകനായ മെസ്സിക്ക് ഈ വരുന്ന തന്റെ അവസാന കപ്പിൽ പല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ട്.