പിൻവശത്തെ ഡോറിലൂടെ പോകാമെന്ന് പറഞ്ഞു, നിരസിച്ചുകൊണ്ട് മെസ്സി പറഞ്ഞത് : അർജന്റൈൻ ആക്ടർ പറയുന്നു

കഴിഞ്ഞ ദിവസം ലയണൽ മെസ്സി അർജന്റീനയിലെ ബ്യൂനസ് ഐറിസിലെ ഒരു റസ്റ്റോറന്റ് സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു റസ്റ്റോറന്റ് സന്ദർശിച്ചത്.എന്നാൽ ഈ വിവരം അറിഞ്ഞ അർജന്റീന ആരാധകർ റസ്റ്റോറന്റിനെ വളയുകയായിരുന്നു.

പിന്നീട് ആരാധകർക്കിടയിൽ നിന്ന് വളരെ ബുദ്ധിമുട്ടി കൊണ്ടാണ് ലയണൽ മെസ്സിക്ക് പുറത്ത് കടക്കാനായത്.അതേസമയം ആരാധകർ ഒന്നടങ്കം മെസ്സിക്ക് വേണ്ടി ആർപ്പു വിളിക്കുകയായിരുന്നു.ആരാധകർക്കിടയിലൂടെ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് വരുന്ന ലയണൽ മെസ്സിയുടെ വീഡിയോകൾ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സൈബറിടങ്ങളിൽ വൈറലാവുകയാണ്.ആരാധകരുടെ സ്നേഹം ലയണൽ മെസ്സി ആസ്വദിക്കുന്നതായി വളരെ വ്യക്തമാണ്.

മെസ്സിയോടൊപ്പം റസ്റ്റോറന്റിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് അർജന്റീനയിലെ പ്രശസ്ത ആക്ടർ ആയ അഡ്രിയാൻ സുവാർ.റസ്റ്റോറന്റിലെ ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.വേണമെങ്കിൽ പിൻവശത്തെ ഡോറിലൂടെ പുറത്തേക്ക് പോകാമെന്ന് മെസ്സിയോട് തങ്ങൾ പറഞ്ഞിരുന്നു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.എന്നാൽ മെസ്സി അത് നിരസിക്കുകയും ആരാധകരെ നിരാശരാക്കാൻ പാടില്ല എന്നുള്ള നിലപാട് മെസ്സി എടുക്കുകയുമായിരുന്നു.അർജന്റൈൻ ആക്ടർ ഇതേക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.

‘ഇന്നലെ ഞങ്ങൾ റസ്റ്റോറന്റിൽ ആയിരുന്ന സമയത്ത്,അവിടുത്തെ അധികൃതർ ലയണൽ മെസ്സിയുടെ ഒരു കാര്യം പറഞ്ഞു,വേണമെങ്കിൽ പിൻവശത്തെ ഡോറിലൂടെ പുറത്തേക്ക് കടക്കാം എന്ന്.പക്ഷേ ലയണൽ മെസ്സി അത് നിരസിക്കുകയായിരുന്നു. അതിന്റെ ആവശ്യമില്ല,എനിക്ക് മുൻവശത്തിലൂടെ തന്നെ പോകണം,എന്റെ ആളുകളോട് ചുരുങ്ങിയത് ഒരു ഹലോ എങ്കിലും എനിക്ക് പറയണം,ഇതായിരുന്നു ലിയോ മെസ്സി മറുപടി നൽകിയിരുന്നത് ‘സുവാർ പറഞ്ഞു.

ആരാധകർക്കിടയിലൂടെ മെസ്സിയെ ഏറെ ബുദ്ധിമുട്ടി കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കാറിലേക്ക് എത്തിച്ചത്.ഏതായാലും അർജന്റീന ആരാധകർക്കിടയിൽ ലയണൽ മെസ്സി മുമ്പങ്ങും കാണാത്ത വിധം തരംഗമായിരിക്കുകയാണ്.ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലോകമെമ്പാടും ലയണൽ മെസ്സിയുടെ ജനപ്രീതി ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തിരുന്നു.

5/5 - (3 votes)
Lionel Messi