ലിവർപൂളും ആഴ്സണലും തമ്മിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ലിവർപൂൾ പ്രതിരോധതാരം ആൻഡി റോബെർട്ട്സണിന്റെ മുഖത്ത് അസിസ്റ്റന്റ് റഫറി ഇടിച്ച സംഭവത്തിൽ വിവാദം പുകയുന്നു. രണ്ടു ടീമുകളും രണ്ടു വീതം ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ച സമയത്താണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്.
ആദ്യപകുതി അവസാനിച്ച സമയത്ത് റോബെർട്ട്സൺ റഫറിയോട് എന്തോ സംസാരിക്കുന്നതും റഫറി അതിനു ശേഷം മുട്ടുയർത്തി ഇടിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. താരത്തിന്റെ മുഖത്ത് ഇടി കൊണ്ടോയെന്നത് ഉറപ്പില്ലെങ്കിലും ഒരു പ്രൊഫെഷണൽ റഫറി, രണ്ടു വമ്പൻ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ഒരിക്കലും പുറത്തെടുക്കാൻ പാടില്ലാത്ത പെരുമാറ്റമാണ് അവിടെ ഉണ്ടായത്.
സംഭവം ഉടനെ തന്നെ റോബെർട്ട്സൺ പ്രധാന റഫറിയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവരത് അപ്പോൾ ചെവിക്കൊണ്ടില്ല. റഫറിയോട് വാക്കേറ്റം നടത്തിയതിനു താരത്തിന് മഞ്ഞക്കാർഡും ലഭിച്ചു. എന്നാൽ മത്സരത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇതിൽ അധികൃതർ അന്വേഷണം നടത്താനുള്ള തീരുമാനം ഉണ്ടായിട്ടുണ്ട്.
മത്സരത്തിന് ശേഷം പരിശീലകൻ ക്ളോപ്പ് ആ സംഭവം താൻ കണ്ടില്ലെങ്കിലും തന്നോടോ റോബെർട്ട്സണോടോ റഫറിമാർ ക്ഷമാപണം നടത്തിയില്ലെന്ന് വ്യക്തമാക്കി. അതേസമയം സംഭവം അപൂർവമായ ഒന്നാണെന്നും അസിസ്റ്റന്റ് റഫറി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നാണ് ഫുട്ബോൾ പണ്ഡിറ്റായ ഗാരി നെവിൽ അതേക്കുറിച്ച് പറഞ്ഞത്.
Video of assistant referee elbow on Liverpool Andy Robertson. pic.twitter.com/oMq81oHpoa
— DreAnyWeather Sports (@any_dre) April 9, 2023
മത്സരത്തിൽ ഇരുപത്തിയെട്ടാം മിനുട്ടിൽ തന്നെ ആഴ്സണൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും അതിനു ശേഷം മികച്ച പ്രകടനമാണ് ലിവർപൂൾ നടത്തിയത്. ഇരുപകുതികളിലുമായി രണ്ടു ഗോളുകൾ തിരിച്ചടിച്ച അവർ ഒരു പെനാൽറ്റി തുലച്ചില്ലായിരുന്നെങ്കിൽ വിജയം സ്വന്തമാക്കിയേനെ. ആഴ്സലിന് കിരീടപ്പോരാട്ടത്തിൽ വെല്ലുവിളി നൽകുന്ന സമനിലയാണ് ലിവർപൂൾ സമ്മാനിച്ചത്.