മിന്നുന്ന പ്രകടനവുമായി എമിലിയാനോ മാർട്ടിനസ്, താരത്തെ വിൽക്കാനുള്ള പദ്ധതിയില്ലെന്ന് എമറി

അർജന്റീന ടീമിനൊപ്പം കളിക്കാനാരംഭിച്ച രണ്ടു വർഷത്തോളം മാത്രമേ ആയിട്ടുള്ളൂവെങ്കിലും സാധ്യമായ കിരീടങ്ങളെല്ലാം നേടിയെടുത്ത താരമാണ് എമിലിയാനോ മാർട്ടിനസ്. ഈ കിരീടനേട്ടങ്ങളിലെല്ലാം നിർണായക പങ്കു വഹിക്കാനും എമിലിയാനോ മാർട്ടിനസിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഖത്തർ ലോകകപ്പിന് ശേഷമുണ്ടായ എംബാപ്പയെ കളിയാക്കിയ സംഭവങ്ങളുടെ പേരിൽ ചെറിയ പിഴവുകൾ വരുമ്പോൾ തന്നെ എമിലിയാനോ മാർട്ടിനസ് രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്.

കഴിഞ്ഞ ദിവസം എവർട്ടണുമായി നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ എമിലിയാനോ മാർട്ടിനസ് ഗോൾവലക്ക് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ക്ലീൻഷീറ്റ് നേടിയ താരം നാലു സേവുകളാണ് മത്സരത്തിൽ നടത്തിയത്. അതിൽ മൂന്നെണ്ണവും ബോക്‌സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. ആഴ്‌സണലിനെതിരെ നാല് ഗോളുകൾ വഴങ്ങിയ എമി തിരിച്ചുവരവിൽ ഗംഭീര പ്രകടനമാണ് നടത്തിയത്.

അതിനിടയിൽ ടീമിന് പുതിയ ട്രാൻസ്ഫറുകൾക്കായി പണമുണ്ടാക്കാൻ വേണ്ടി എമിലിയാനോ മാർട്ടിനസിനെ ഈ സീസണു ശേഷം വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പരിശീലകനായ ഉനെ എമറി ഇതിനെ പൂർണമായും തള്ളിക്കളഞ്ഞു. ടീമിന് ലഭിച്ച ഏറ്റവും മികച്ച ഗോൾകീപ്പറായ എമിലിയാനോയോട് അടുത്ത സീസണിലും ക്ലബ്ബിനെ മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചാണ് താൻ സംസാരിക്കാറുള്ളതെന്നാണ് സ്‌പാനിഷ്‌ പരിശീലകൻ പറഞ്ഞത്.

എമറിക്ക് അർജന്റീന താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിലും മാർട്ടിനസ് അതിനു സമ്മതിക്കുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ദേശീയ ടീമിനൊപ്പം വമ്പൻ കിരീടങ്ങൾ നേടിയ എമിലിയാനോ മാർട്ടിനസിന്റെ ആത്മവിശ്വാസം ഏതൊരു ടീമിനും കരുത്തു നൽകുന്നതാണ്. ചാമ്പ്യൻസ് ലീഗിൽ കളിക്കുകയും കിരീടം നേടുകയും ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയ എമിലിയാനോ ചിലപ്പോൾ മികച്ച ഓഫറുകൾ വന്നാൽ പരിഗണിക്കാനിടയുണ്ട്.

Rate this post