എമിലിയാനോ മാർട്ടിനസിനെ വമ്പൻ തുകക്ക് വിറ്റ് ടീമിനെ പുതുക്കിപ്പണിയാൻ ആസ്റ്റൺ വില്ല

ലെനോക്ക് പരിക്കേറ്റതിനെ തുടർന്ന് ആഴ്‌സണലിൽ ലഭിച്ച അവസരം മുതലെടുത്ത് ഉയർന്നു വന്ന എമിലിയാനോ മാർട്ടിനസ് ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളെന്ന ഖ്യാതിയിലേക്ക് ഉയർന്നിട്ടുണ്ട്. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക, ഫൈനലിസമാ, ലോകകപ്പ് എന്നിവ നേടിയ താരം കോപ്പ അമേരിക്കയിലും, ലോകകപ്പിലും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഖത്തർ ലോകകപ്പിന് ശേഷം മൂല്യമുയർന്ന എമിലിയാനോ മാർട്ടിനസ് ജനുവരിയിൽ തന്നെ ആസ്റ്റൺ വില്ല വിടുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരം ക്ലബിനൊപ്പം തന്നെ തുടർന്നു. എന്നാൽ അധികകാലം ആസ്റ്റൺ വില്ലക്കൊപ്പം തുടരാൻ എമിലിയാനോക്ക് കഴിഞ്ഞേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരുന്ന സമ്മറിൽ താരത്തിന് വേണ്ടിയുള്ള ഓഫറുകൾ ആസ്റ്റൺ വില്ല പരിഗണിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

എമിലിയാനോയെ ഒഴിവാക്കാൻ താത്പര്യമുണ്ടായിട്ടല്ല താരത്തെ വിട്ടുകൊടുക്കാൻ ആഴ്‌സണൽ ഒരുങ്ങുന്നത്. ടീമിനെ മൊത്തത്തിൽ മാറ്റിപ്പണിയാൻ പരിശീലകനായ ഉനെ എമറിക്ക് വളരെയധികം താൽപര്യമുണ്ട്. അതിനു സഹായകമാകുന്ന താരത്തിലൊരു തുക മാർട്ടിനസിനു ലഭിക്കുമെന്നാണ് ആസ്റ്റൺ വില്ല പ്രതീക്ഷിക്കുന്നത്. താരത്തിനു വേണ്ടിയുള്ള നല്ല ഓഫറുകൾ മാത്രമേ വില്ല പരിഗണിക്കുകയുമുള്ളൂ.

ജനുവരി 2022ലാണ് ആസ്റ്റൺ വില്ലയുമായി എമിലിയാനോ പുതിയ കരാർ ഒപ്പിടുന്നത്. അഞ്ചു വർഷത്തേക്കായിരുന്നു താരത്തിന്റെ കരാർ. ആഴ്‌ചയിൽ ഒരു ലക്ഷം പൗണ്ട് പ്രതിഫലം താരത്തിന് ലഭിക്കുന്നുമുണ്ട്. കരാർ ധാരാളം ബാക്കിയുള്ളതിനാൽ തന്നെ മറ്റു ക്ലബുകൾ താരത്തെ റാഞ്ചുമെന്ന പേടി ആസ്റ്റൺ വില്ലക്കില്ല. ജനുവരിയിൽ വന്ന ഏതാനും ഓഫറുകൾ അവർ നിരസിക്കുകയും ചെയ്‌തിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ അഭിമുഖത്തിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനും കിരീടം നേടാനുമുള്ള ആഗ്രഹം എമിലിയാനോ മാർട്ടിനസ് തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ക്ലബ് വിടാൻ താരത്തിനും താല്പര്യമുണ്ടെന്നാണ് കരുതേണ്ടത്. എന്നാൽ താരത്തെ വിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അവസാന തീരുമാനം എമറി തന്നെയാകും എടുക്കുകയെന്ന കാര്യത്തിൽ സംശയമില്ല.

Rate this post