“തോൽവി അറിയാതെയുള്ള ഏഴു മത്സരങ്ങൾ വളരെ വലിയ നേട്ടം തന്നെയാണ്” ; ഇവാൻ വുകൊമാനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മത്സരത്തിൽ ജംഷെഡ്പൂരിനായി ഗ്രെഗ് സ്റ്റീവർട്ടും കേരളാ ബ്ലാസ്റ്റേഴ്സിനായി സഹൽ അബ്ദുൽ സമദും ഗോളുകൾ നേടി.

“ഇന്നലത്തെ മത്സരം വളരെ തിരക്കേറിയ ഒരാഴ്‌ചയുടെ അവസാന മത്സരമായിരുന്നു. ഇത് ശാരീരികമായി വളരെ കഠിനമായ മത്സരമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കാരണം അങ്ങനെയാണ് ജംഷെഡ്പൂർ കളിക്കുന്നത്. പ്രീ സീസണിൽ ഞങ്ങൾ രണ്ടു പ്രാവശ്യം ജംഷെഡ്പൂരിനോട് മത്സരിച്ചിരുന്നു. രണ്ടു വട്ടവും ഇത് അങ്ങനെ തന്നെയായിരുന്നു. നിങ്ങൾ ഒരാഴ്ചയിൽ രണ്ടു മത്സരങ്ങൾക്കപ്പുറം മറ്റൊന്ന് കളിക്കേണ്ടി വരുമ്പോൾ ശാരീരികമായി കഠിനമാകുമെന്ന് അറിയാമായിരുന്നു.”മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു .

“ഒരാഴ്ചയിൽ തന്നെ മൂന്നു തരത്തിലുള്ള മൂന്നു വ്യത്യസ്മായ ടീമുകൾക്കെതിരെ ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ കുട്ടികൾ കളിയ്ക്കാൻ തയ്യാറായതിൽ എനിക്ക് സന്തോഷമുണ്ട്. ടാക്ടിക്കൽ അപ്രോച്ചിലും സമ്മർദ്ദം നൽകുന്ന രീതിയിലുമെല്ലാം ചെന്നൈയിനും മുംബൈയും വേറിട്ട് നിന്നപ്പോൾ ജംഷെഡ്പൂരിനെ നേരിടേണ്ടത് ശാരീരികമായി ആയിരുന്നു. ഇത്തരത്തിലുള്ള മത്സരങ്ങൾക്ക് വേണ്ട വിധത്തിൽ തയ്യറെടുത്തില്ലെങ്കിൽ തോൽക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. പ്രീ സീസൺ മത്സരങ്ങൾ ഈ മത്സരം എത്രത്തോളം കഠിനമായിരിക്കുമെന്ന് മനസിലാക്കി തന്നു.”

” ഇത് തോൽവിയറിയാത്ത തുടർച്ചയായ ഏഴാം മത്സരമാണ്. അതൊരു വലിയ നേട്ടമാണ്. ഞങ്ങളെല്ലാവരും സന്തുഷ്ടരാണ്. ആരാധകരിലും ഞങ്ങൾ സന്തുഷ്ടരാണ്. കാരണം പ്രതികാരങ്ങളിൽ നിന്ന് അവർ ഞങ്ങൾ കളിക്കുന്ന രീതിയെയും താരങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്നതായി ഞങ്ങൾ കാണുന്നു” .

“തിരിച്ചടികളിൽ ടീമിനെ കൈവിടാത്ത ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇതൊരു വലിയ പിന്തുണയാണ്, അവർ ഞങ്ങളുടെ ടീം ഇതുപോലെ കളിക്കുന്നതും ഗെയിമുകൾ ജയിക്കുന്നതും കാണാനാഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ഈ ഗെയിമുകൾ സ്റ്റേഡിയത്തിൽ കളിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഈ മഹാമാരി അവസാനിക്കുമെന്നും ആ ഗംഭീരമായ കാണികളുടെ മുന്നിൽ ഞങ്ങളുടെ സ്റ്റേഡിയത്തിൽ ഈ വിജയങ്ങൾ നേടാനാവുന്ന സമയം ഉടൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർക്ക് വലിയ നന്ദി അറിയിക്കുന്നു.” വുകൊമാനോവിച്ച് പറഞ്ഞു

3.6/5 - (5 votes)
Kerala Blasters