അത്ലറ്റികോ മാഡ്രിഡിനായി ആദ്യ ഗോളുമായി ഹൂലിയൻ അൽവാരസ് : ബാഴ്സക്കായി ഇരട്ട ഗോളുകളുമായി അത്ഭുത താരം ലാമിൻ യമൽ | FC Barcelona

കോനർ ഗല്ലഗറും ജൂലിയൻ അൽവാരസും തങ്ങളുടെ ആദ്യ അത്‌ലറ്റിക്കോ മാഡ്രിഡ് ഗോളുകൾ നേടിയപ്പോൾ ഡീഗോ സിമിയോണിൻ്റെ ടീം ലാ ലീഗയിൽ വലൻസിയയ്‌ക്കെതിരെ 3-0 ന് അനായാസ വിജയം നേടി. അത്ലറ്റികോയുടെ ഹോം സ്റ്റേഡിയമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൻ്റോയിൻ ഗ്രീസ്മാൻ മൂന്നാം ഗോൾ സ്വന്തമാക്കി വിജയം പൂർത്തിയാക്കി.

അത്‌ലറ്റിക്കോ അവരുടെ ആദ്യ അഞ്ച് മത്സരങ്ങളിലും തോൽവിയറിയാതെ 11 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. ഈ സീസണിൽ ചെൽസിയിൽ നിന്ന് എത്തിയ ഇംഗ്ലണ്ട് ഇൻ്റർനാഷണൽ ഗല്ലഗെർ, 39-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോൾ കൊടുത്ത പാസിൽ നിന്നും അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടി.54 ആം മിനുട്ടിൽ ഗ്രീസ്മാൻ ക്ലോസ് റേഞ്ചിൽ നിന്ന് അത്ലറ്റികോയുടെ രണ്ടാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ അര്ജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് അത്ലറ്റികോയുടെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.തൻ്റെ പുതിയ ക്ലബ്ബിനായി അഞ്ചാം മത്സരത്തിലാണ് മുൻ സിറ്റി താരം ആദ്യ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ജിറോണക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ ജയവുമായി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ് ബാഴ്സലോണ. സൂപ്പർ താരം ലാമിൻ യമൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി.30, 37 മിനിറ്റുകളിൽ യമാൽ ബാഴ്‌സയ്ക്ക് രണ്ട് ഗോളിൻ്റെ ലീഡ് നൽകി, ഡാനി ഓൾമോ ഇടവേളയ്ക്ക് ശേഷം ക്ലോസ് റേഞ്ചിൽ നിന്നുള്ള ഗോളിലൂടെ സ്കോർ മൂന്നാക്കി ഉയർത്തി.

64-ാം മിനിറ്റിൽ പെഡ്രി നാലാം ഗോൾ നേടി.80 ആം മിനുട്ടിൽ പകരക്കാരനായി ക്രിസ്ത്യൻ സ്റ്റുവാനി ജിറോണയുടെ ആശ്വാസ ഗോൾ നേടി. എന്നാൽ 86 ആം മിനുട്ടിൽ ഫെറൻ ടോറസ് ചുവപ്പ് കാർഡ് പുറത്ത് പോയതോടെ ബാഴ്സ പത്തു പേരായി ചുരുങ്ങി.ലാലിഗയിൽ 15 പോയിൻ്റുമായി ബാഴ്‌സ ഒന്നാമതാണ്, ഏഴു പോയിൻ്റുള്ള ജിറോണ ഏഴാം സ്ഥാനത്താണ്.

Rate this post